
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിൽ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാണ്. മല ചവിട്ടാൻ സ്ത്രീകളെ അനുവദിക്കില്ലെന്ന് കാട്ടി പത്തനംതിട്ട മുതൽ സന്നിധാനം വരെ ആളുകൾ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പത്തനംതിട്ട വഴി സ്ത്രീകൾക്ക് യാത്ര ചെയ്യാൻ പോലും കഴിയാത്ത സാഹചര്യമുണ്ടായി.
കോടതി വിധിയെ തുടർന്ന് മല കയറാൻ എത്തിയ സ്ത്രീകളെയെല്ലാം ആയിരക്കണക്കിന് വരുന്ന പ്രതിഷേധക്കാർ ആക്രമിച്ചും തെറിവിളിത്തും ഭീഷണിപ്പെടുത്തിയും തിരിച്ചയച്ചു. ഇത്തരം പ്രതിസന്ധികൾക്കിടയിൽ പ്രതിഷേധക്കാർക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് ഒരു അമ്മൂമ്മ.
ശബരിമലയിൽ പെണ്ണുങ്ങൾ ആവുന്ന കാലത്ത് പോകണമെന്നും വയസ്സായാൽ പിന്നെ പോകുന്ന കാര്യം നടക്കില്ലെന്നും തന്‍റെ കൊച്ചുമകളോട് പറയുകയാണ് അമ്മൂമ്മ.
"എല്ലാ സ്ത്രീകളും പോകണം, തൊഴണം. പെണ്ണുങ്ങൾക്കെന്താ കാണേണ്ട ആഗ്രഹമുണ്ടാകില്ലേ? പെണ്ണ് എന്ന് ചിന്തിച്ചിട്ട് ഒന്നും കണ്ടുകൂടെ? എല്ലാവരും വയസ്സാകുന്നത് വരെ കാത്തിരിക്കുമ്പോഴേക്കും മരിക്കുകയും ചെയ്യും. പിന്നെ എങ്ങനെയാ കാണുക. എനിക്കിപ്പോൾ കഴിയുമെങ്കിൽ ഞാൻ പോകുമായിരുന്നു. ഇപ്പോൾ എനിക്ക് പോകാൻ കഴിയിലല്ലോ? അതുകൊണ്ട് എല്ലാ പെണ്ണുങ്ങളും കഴിയുന്ന കാലത്ത് പോയി ഭഗവാനെ കണ്ടിരിക്കണം".
"വയസ്സുകാലത്ത് മല കയറാൻ കഴിയില്ല. അന്ന് കഴിയുന്ന കാലത്ത് പോകാൻ കഴിഞ്ഞിരുന്നെങ്കിൽ ഭാഗവാനെ കണ്ട് തൊഴാമായിരുന്നുവെന്ന് സ്ത്രീകൾക്ക് തോന്നുന്നുണ്ടാകില്ലേ? ഇപ്പോൾ എനിക്ക് അങ്ങനെ തോന്നുന്നുണ്ട്. ഇപ്പോൾ പോകണമെന്ന് തോന്നുന്നവർ പോകണമെന്നും" അമ്മൂമ്മ പറയുന്നു.
അയ്യായിരത്തിലധികം ആളുകൾ അമ്മൂമ്മയുടെ വീഡിയോ ഇതിനകം കണ്ടു കഴിഞ്ഞു. ശബരിമല വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിക്കുന്ന ആളുകൾ ഈ അമ്മൂമ്മ അടിപൊളിയാണെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവയ്ക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam