'അധികാരത്തിന് വേണ്ടി മാനം വിൽക്കുന്ന സ്ത്രീ'; മായാവതിക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബിജെപി നേതാവ്

By Web TeamFirst Published Jan 20, 2019, 7:18 PM IST
Highlights

അധികാരത്തിന് വേണ്ടി മാനം പോലും വിൽക്കുന്ന മായാവതി, സ്ത്രീസമൂഹത്തിന് തന്നെ നാണക്കേടാണ് എന്നായിരുന്നു സാധനയുടെ വിവാദപരാമർശം. 

ന്യൂഡൽഹി: ബിഎസ്പി നേതാവ് മായാവതിക്കെതിരെ നടത്തിയ പരാമർശം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് ബി ജെ പി എം എൽ എ സാധനാസിംഗ്. അധികാരത്തിന് വേണ്ടി സ്വന്തം മാനം പോലും വിൽക്കുന്ന സ്ത്രീയാണ് മായാവതി എന്നായിരുന്നു സാധനസിംഗിന്‍റെ പ്രസ്താവന.

പരമര്‍ശത്തില്‍ ദേശീയ വനിതാ കമ്മീഷൻ സാധനാസിംഗിനെതിരെ സ്വമേധയാ കേസെടുത്തു. വരുന്ന പാർലമെന്‍റ്  തെരെഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിക്കൊപ്പം സഖ്യമുണ്ടാക്കി മൽസരിക്കുമെന്ന് അടുത്തിടെ മായാവതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മായാവതിയെ അധിക്ഷേപിച്ചു കൊണ്ട് മുഗള്സറായിയിലെ ഒരു പൊതുചടങ്ങിൽ സാധനാസിംഗ് പ്രസംഗിച്ചത്. അധികാരത്തിന് വേണ്ടി മാനം പോലും വിൽക്കുന്ന മായാവതി, സ്ത്രീസമൂഹത്തിന് തന്നെ നാണക്കേടാണ് എന്നായിരുന്നു സാധനയുടെ വിവാദപരാമർശം. 

95 ൽ ലക്നൌവിലെ ഒരു ഗസ്റ്റ്ഹൌസിൽ വെച്ച് സമാജ് വാദി പാർട്ടി പ്രവർത്തകർ മായാവതിയോട് മോശമായി പെരുമാറിയിരുന്നു. ഇതേത്തുടർന്ന് വർഷങ്ങളോളം ഇരുപാർട്ടികളും അകൽച്ചയിലായിരുന്നു. എന്നാൽ ഇക്കാര്യം മറന്ന് വീണ്ടും എസ്പിയുമായി ബിഎസ്പി കൂട്ടൂകൂടിയതിനെ വിമർശിക്കുമ്പോഴാണ് സാധനസിംഗ് വിവാദ പ്രസ്താവന നടത്തിയത്.

പ്രസ്താവനക്കെതിരെ രാഷ്ട്രീയ ഭേദമന്യേ നേതാക്കൾ രംഗത്തെത്തി. ധാർമികമായി ബിജെപി എത്രമാത്രം അധഃപതിച്ചു എന്നതിന് തെളിവാണിതെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തതിന് പിന്നാലെയാണ് സാധനാസിംഗ് ഖേദപ്രകടനം നടത്തിയത്.    

click me!