
ദില്ലി: കീഴടങ്ങാൻ മുപ്പത് ദിവസത്തെ സമയം കൂടി തരണമെന്ന് ദില്ലി ഹൈക്കോടതിയ്ക്ക് അപേക്ഷ നൽകി മുൻ കോൺഗ്രസ് നേതാവ് സജ്ജൻ കുമാർ. 1984 ലെ സിഖ് വിരുദ്ധ കലാപത്തിൽ പ്രതിയായ സജ്ജൻ കുമാറിമനെ ദില്ലി ഹൈക്കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്. ഡിസംബർ 31 ന് കീഴടങ്ങാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത് ജനുവരി 31 ആക്കിത്തരണമെന്നാണ് സജ്ജൻ കുമാറിന്റെ അഭ്യർത്ഥന. തനിക്ക് മൂന്നു മക്കളും എട്ട് കൊച്ചുമക്കളുമുണ്ടെന്നും സ്വത്തുക്കളുടെ കാര്യത്തിൽ തീർപ്പാക്കേണ്ടതുണ്ടെന്നുമാണ് സജ്ജൻ കുമാർ തന്റെ അപേക്ഷയിൽ പറയുന്നത്.
ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്നും സജ്ജൻ കുമാറിന്റെ അഭിഭാഷകൻ അനിൽ ശർമ്മ വ്യക്തമാക്കി. എന്നാൽ കലാപത്തിന്റെ ഇരകളായവർ സജ്ജൻ കുമാറിന് കീഴടങ്ങാൻ ഒരുമാസം കൂടുതൽ അനുവദിക്കുന്നതിനെതിരാണെന്ന് മുതിർന്ന അഭിഭാഷകൻ എച്ച് എസ് ഫൂൽകെ പറഞ്ഞു. സജ്ജൻകുമാറിനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി റദ്ദാക്കിയാണ് ദില്ലി ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. രാജ്നഗറിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. 34 വർഷത്തിന് ശേഷമാണ് സജ്ജൻ കുമാറിന് ശിക്ഷ ലഭിച്ചിരിക്കുന്നത്. എന്നാൽ കലാപത്തിന്റെ ഇരകളായവർ ഇപ്പോഴും ദുരിതമനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam