സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ ഒന്നടങ്കം സാലറി ചലഞ്ച് ഏറ്റെടുത്തു; കണക്കുകള്‍ പുറത്ത് വിട്ട് ഐസക്

By Web TeamFirst Published Sep 22, 2018, 9:16 PM IST
Highlights

രാഷ്ട്രീയകാരണങ്ങൾ കൊണ്ട് ഇപ്പോഴും വിട്ടുനിൽക്കുന്ന ജീവനക്കാരോട് എനിക്ക് ഒരഭ്യർത്ഥനയേ ഉള്ളൂ. ബുദ്ധിമുട്ടുകാരണം ഒഴിവായി നിൽക്കുന്നവരുടെ കാര്യമല്ല പറയുന്നത്. എതിർപ്രചരണം നടത്താനും ജീവനക്കാരെ പിന്തിരിപ്പിക്കാനും ഓഫീസുകൾ തോറും സ്ക്വാഡുകൾ നടത്തുകയും നോട്ടീസിറക്കുകയും ചെയ്തവരോടും അവരുടെ ആഹ്വാനം ശിരസാവഹിച്ചവരോടുമാണ്. നിങ്ങളും സഹകരിക്കണം

തിരുവനന്തപുരം: മഹാപ്രളയം തകര്‍ത്ത കേരളത്തെ പുനര്‍ നിര്‍മ്മിക്കാനുള്ള സാലറി ചലഞ്ചെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ ഒന്നടങ്കം ഏറ്റെടുത്തു. ആകെ 4439 ജീവനക്കാരിൽ 3741 പേരും സാലറി ചലഞ്ച് ഏറ്റെടുത്തെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. 698 പേർ മാത്രമാണ് വിസമ്മതപത്രം നൽകിയതെന്ന് പറഞ്ഞ അദ്ദേഹം സാലറി ചലഞ്ചിനെതിരെയുള്ള രാഷ്ട്രീയപ്രചരണം ജീവനക്കാർ തള്ളിക്കളഞ്ഞുവെന്നും വ്യക്തമാക്കി.

തോമസ് ഐസക്കിന്‍റെ വാക്കുകള്‍

സാലറി ചലഞ്ചിനെതിരെയുള്ള രാഷ്ട്രീയപ്രചരണം ജീവനക്കാർ തള്ളിക്കളഞ്ഞുവെന്നാണ് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പങ്കാളിത്തം തെളിയിക്കുന്നത്. ആകെ 4439 ജീവനക്കാരിൽ 698 പേർ മാത്രമാണ് വിസമ്മതപത്രം നൽകിയത്. വെറും പതിനഞ്ചു ശതമാനംപേർ. മഹാഭൂരിപക്ഷം ജീവനക്കാരും സമാനതകളില്ലാത്ത പ്രകൃതി ദുരന്തത്തിനിരയായ കേരളീയരുടെ അതിജീവനത്തിന് സ്വന്തം അധ്വാനഫലത്തിൽനിന്നൊരു വിഹിതം നൽകാൻ അഭിമാനത്തോടെ തയ്യാറായി.

സമ്മർദ്ദത്തിന്റെയോ ഭീഷണിയുടെയോ ഫലമായല്ല ഈ പങ്കാളിത്തം. സംഘബോധമുള്ള ജീവനക്കാരെ അങ്ങനെ വരുതിയ്ക്കു നിർത്താൻ കേരളത്തിന്റെ സാഹചര്യത്തിൽ കഴിയുമെന്ന് ആരും വിശ്വസിക്കുമെന്നും തോന്നുന്നില്ല. ഈ ദുരന്തത്തെ അതിജീവിക്കാൻ രൂപപ്പെട്ട ഒരുമയുടെ തുടർച്ചയാണ് ഈ പങ്കാളിത്തം. ലോകമെങ്ങുമുള്ള മലയാളികളും മലയാളികളല്ലാത്തവരും ഈ ദുരന്തത്തെ അതിജീവിക്കാൻ കൈകോർത്തു. രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസപ്രവർത്തനത്തിലും കണ്ട ഈ ഒരുമ പുനർനിർമ്മാണത്തിലും തുടരുന്നുവെന്ന കാര്യം ആവേശകരം തന്നെയാണ്.

“ഒരു മാസത്തെ വേതനം, ഒരായുസോളം അഭിമാനം” എന്ന ആഹ്വാനവുമായി സാലറി ചലഞ്ചു വിജയിപ്പിക്കാൻ യത്നിച്ച സംഘടനകളും ഈ ഒരുമ നിലനിർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അവരെയും കേരളം നെഞ്ചോടു ചേർക്കും.

രാഷ്ട്രീയകാരണങ്ങൾ കൊണ്ട് ഇപ്പോഴും വിട്ടുനിൽക്കുന്ന ജീവനക്കാരോട് എനിക്ക് ഒരഭ്യർത്ഥനയേ ഉള്ളൂ. ബുദ്ധിമുട്ടുകാരണം ഒഴിവായി നിൽക്കുന്നവരുടെ കാര്യമല്ല പറയുന്നത്. എതിർപ്രചരണം നടത്താനും ജീവനക്കാരെ പിന്തിരിപ്പിക്കാനും ഓഫീസുകൾ തോറും സ്ക്വാഡുകൾ നടത്തുകയും നോട്ടീസിറക്കുകയും ചെയ്തവരോടും അവരുടെ ആഹ്വാനം ശിരസാവഹിച്ചവരോടുമാണ്. നിങ്ങളും സഹകരിക്കണം.

പുനർനിർമ്മാണപ്രവർത്തനത്തിൽ രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയാനുഭാവികളുടെയും ഒരു രാഷ്ട്രീയവുമില്ലാത്തവരുടെയും ആവശ്യമാണത്. ആ അനിവാര്യത നിങ്ങളും മനസിലാക്കണം. സഹകരിക്കണം. നമ്മുടെ നാടിനുവേണ്ടിയാണ്.

click me!