"അന്നു മുതല്‍ അമൃതാനന്ദമയിയുടെ ഭക്തനായി"- സലീംകുമാര്‍ പറയുന്നു

By Web DeskFirst Published Feb 2, 2018, 9:46 PM IST
Highlights

കൊച്ചി: കരള്‍ രോഗത്തിന് ചികിത്സയില്‍ കഴിയുകയായിരുന്ന കാലത്താണ് നടന്‍ സലിംകുമാര്‍ മാതാഅമൃതാനന്ദമയിയെ ആദ്യമായി കാണുന്നത്. അതും അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞിട്ട്. ആരുടെ മുന്നിലും ഇതുവരെ കൈനീട്ടിയിട്ടില്ലാത്ത തനിക്ക് അമൃതാനന്ദമയിയുടെ മുന്നില്‍ അന്ന് കരള്‍ രോഗത്തിന്റെ ഓപ്പറേഷന് ചികിത്സാ സഹായം അഭ്യര്‍ത്ഥിക്കേണ്ട അവസരമുണ്ടായി. പക്ഷെ കാണാന്‍ അനുവാദം വാങ്ങി എത്തിയെങ്കിലും തമാശ പറഞ്ഞ് പൊട്ടിച്ചിരിപ്പിക്കാനേ തോന്നിയുള്ളൂ. പക്ഷെ ഇറങ്ങും മുമ്പ് മാതാ അമൃതാനന്ദമയി സലിം കുമാറിനെ ചേര്‍ത്തു പിടിച്ച് അതു പറഞ്ഞു, അന്നുവരെ ആരും പറഞ്ഞിട്ടില്ലാത്ത കാര്യം.

സംഭവം സലീംകുമാര്‍ വിശദീകരിക്കുന്നത് ഇങ്ങനെ

'കരള്‍ രോഗത്തിന്റെ ഓപ്പറേഷന്‍ അമൃത ഹോസ്പിറ്റലിലാണ് നടക്കുന്നത്. വലിയ പൈസ വേണ്ടിവരും. ആത്മാഭിമാനിയായ ഞാന്‍ ചെന്ന് അമ്മയോട് എന്താണ് പറയേണ്ടത്. ദാരിദ്ര്യമാണ് എന്ന് പറയാന്‍ പറ്റില്ലല്ലോ?  ഇന്നുവരെ ആരുടെ അടുത്തുപോലും പറഞ്ഞിട്ടില്ല എന്റെ അച്ഛന്റെ അടുത്തോ, ബന്ധുക്കളുടെ അടുത്തോ സഹോദരങ്ങളുടെ അടുത്തോ പറഞ്ഞിട്ടില്ല എന്നെ സഹായിക്കണമെന്ന്. മരണം വരെ പോകുകയും ചെയ്യില്ല. ഡോക്ടര്‍മാരുടെ നിര്‍ബന്ധപ്രകാരം ഞാന്‍ അമ്മയെ കാണാന്‍ ചെന്നു. എന്താണ് വന്നത് അമ്മയോട് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചു.

എനിക്കൊരു പരാതിയുണ്ട് എന്ന് പറഞ്ഞപ്പോള്‍ മോന്‍ പറഞ്ഞോളാന്‍ അമ്മ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് നടന്നതാണ്. എനിക്കിപ്പോള്‍ 46 വയസായി. അമൃതാ ഹോസ്പിറ്റലിലെ റജിസ്റ്ററില്‍ 56 വയസാണ് അതൊന്നു മാറ്റിത്തരണം എന്ന് പറഞ്ഞു. ഇതുകേട്ടതും അമ്മ അര മണിക്കൂറോളം ചിരിച്ചു എന്നിട്ടു പറഞ്ഞു. പൈസയുടെ കാര്യത്തില്‍ ഒന്നും കൊണ്ടും വിഷമിക്കേണ്ട, ഹോസ്പിറ്റലില്‍ പോയി അഡ്മിറ്റായി ഓപ്പറേഷന്‍ ചെയ്യുക. മോനെ എനിക്ക് വേണം. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരാള് പറയുന്നത്. അന്നു മുതല്‍ അമൃതാനന്ദമയിയുടെ ഭക്തനായി''

click me!