ഖനനം അവസാനിപ്പിക്കാതെ സര്‍ക്കാരുമായി ചർച്ചയ്ക്കില്ല; നിലപാട് കടുപ്പിച്ച് ആലപ്പാട് സമരസമിതി

By Web TeamFirst Published Jan 12, 2019, 11:35 AM IST
Highlights

ഖനനം അവസാനിപ്പിക്കാതെ സര്‍ക്കാരുമായി ചർച്ചയ്ക്കില്ലെന്ന് ആലപ്പാട് സമരസമിതി. ചർച്ചയ്ക്ക് വിളിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നു. സർക്കാർ ചർച്ചയ്ക്ക് തയ്യാറെന്ന് മേഴ്സിക്കുട്ടിയമ്മ അറിയിച്ചിരുന്നു.

ആലപ്പാട്: കൊല്ലം ആലപ്പാട് ഐആര്‍ഇ നടത്തുന്ന ഖനനത്തിനെതിരായ സമരത്തിൽ നിലപാട് കടുപ്പിച്ച് സമരസമിതി. ചർച്ചയ്ക്ക് വിളിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, ഖനനം അവസാനിപ്പിക്കാതെ സര്‍ക്കാരുമായി ചർച്ചയ്ക്കില്ലെന്ന് ആലപ്പാട് സമരസമിതി അറിയിച്ചു. സമരം നടത്തുന്നവരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറെന്ന് മേഴ്സിക്കുട്ടിയമ്മ അറിയിച്ചിരുന്നു.

അശാസ്ത്രീയ ഖനനം പാടില്ലെന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വ്യവസായ വകുപ്പാണ് ഇതിന് മുന്‍കൈ എടുക്കേണ്ടത്. നിയമസഭാപരിസ്ഥിതി കമ്മിറ്റിയുടെ ശുപാർശകൾ സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കര സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ടെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

പൊൻമന, ആലപ്പാട് എന്നീ ഗ്രാമങ്ങളില്‍ നിന്നായി 40.46 ഹെക്ടറാണ് ഇന്ത്യൻ റെയര്‍ എര്‍ത്ത് വില കൊടുത്ത് വാങ്ങി കരിമണല്‍ ഖനനം നടത്തുന്നത്. അറുപത് വര്‍ഷമായി ഈ ഭാഗങ്ങളില്‍ ഖനനം നടക്കുന്നു. ഓരോ വര്‍ഷവും കൂടുതല്‍ സ്ഥലം സ്വന്തമാക്കി ഖനനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. 89.5 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന ആലപ്പാട് ഗ്രാമം ഇപ്പോള്‍ 7.6 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞിരിക്കുന്നു.

പൊൻമനയില്‍ നിന്നും 30 വര്‍ഷത്തിന് മുൻപ് 1500 കുടുംബങ്ങളുണ്ടായിരുന്നുവെങ്കില്‍ ഇപ്പോഴത് മൂന്നായി ചുരുങ്ങി. ആലപ്പാട് നിന്നും ആയിരത്തി മൂന്നൂറ് കുടുംബങ്ങള്‍ ഒഴിഞ്ഞ് പോയെന്നാണ് കണക്ക്. ഖനനത്തിന്‍റെ ഫലമായി ടിഎസ് കനാലും അറബിക്കടലും തമ്മിലുള്ള അകലം ദിവസങ്ങള്‍ കഴിയുന്തോറും കുറയുകയാണ്.  

click me!