Asianet News MalayalamAsianet News Malayalam

'പരിക്കേറ്റ സനലിന്‍റെ വായിൽ പൊലീസുകാർ മദ്യമൊഴിച്ചു കൊടുത്തു': ആരോപണവുമായി സഹോദരി

നെയ്യാറ്റിൻകരയിൽ ഡിവൈഎസ്‍പി ഹരികുമാർ റോഡിൽ തള്ളിയിട്ട് കൊന്ന സനലിന്‍റെ വായിൽ പൊലീസ് മദ്യമൊഴിച്ചു കൊടുത്തെന്ന് സഹോദരി. കേസ് വഴി തിരിച്ചുവിടാൻ പൊലീസ് ബോധപൂർവം ശ്രമം നടത്തിയെന്നതുൾപ്പടെ ഗുരുതരമായ ആരോപണങ്ങളാണ് സഹോദരി ഉന്നയിക്കുന്നത്.
 
liqor was poured in injured sanals mouth alleges sister
Author
Thiruvananthapuram, First Published Nov 8, 2018, 2:00 PM IST

തിരുവനന്തപുരം: വാഹനം പാർക്ക് ചെയ്തതിനെത്തുടർന്നുള്ള തർക്കത്തിനിടെ നെയ്യാറ്റിൻകരയിൽ ഡിവൈഎസ്‍പി ഹരികുമാർ റോഡിലേയ്ക്ക് തള്ളിയിട്ട് യുവാവ് മരിച്ച കേസ് വഴിതിരിച്ചുവിടാൻ പൊലീസ് ബോധപൂർവം ശ്രമിച്ചെന്ന ആരോപണവുമായി സഹോദരി. പരിക്കേറ്റ സനലിന്‍റെ വായിലേയ്ക്ക് പൊലീസുകാർ മദ്യമൊഴിച്ചുകൊടുത്തെന്നതുൾപ്പടെ ഗുരുതരമായ ആരോപണങ്ങളാണ് സഹോദരി ഉന്നയിക്കുന്നത്. നെയ്യാറ്റിൻകരയിലെ സർക്കാർ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേയ്ക്ക് നേരെ കൊണ്ടുപോകുന്നതിന് പകരം സനലിനെ പൊലീസുകാർ കൊണ്ടുപോയത് സ്റ്റേഷനിലേക്കാണെന്ന് നേരത്തേ വ്യക്തമായിരുന്നു.

സനലിന്‍റെ സഹോദരി പറയുന്നതിങ്ങനെ:

''പൊലീസ് സ്റ്റേഷനില് അവര് എന്‍റെ അനിയനെ കൊണ്ടുപോയി വായില് മദ്യമൊഴിച്ചെന്ന് പറയുന്നു. ഒരു തുള്ളി മദ്യം കഴിക്കാത്ത എന്‍റെ അനിയന്‍റെ വായിൽ മദ്യമൊഴിച്ചത് കേസ് വഴി തിരിച്ച് വിടാനാണ്.'' സനലിന്‍റെ സഹോദരി ആരോപിക്കുന്നു.

''രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തെന്നറിഞ്ഞു. ഇത് അതിൽ മാത്രമൊതുങ്ങുന്നതല്ല, വേറെയും ആളുകൾ പങ്കെടുത്തിട്ടുണ്ട്. 

എന്‍റെ അനിയനെ നെയ്യാറ്റിൻകര ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിന് പകരം സ്റ്റേഷനിലേക്കാണ് പൊലീസ് കൊണ്ടുപോയത്. ഡ്യൂട്ടി ചേഞ്ചിന് വേണ്ടിയാണെന്നാണ് പൊലീസുകാർ പറയുന്നത്. അത് ഒരിക്കലും ശരിയല്ല, മനുഷ്യത്വപരമായ നടപടിയല്ല. ഒരു മിനിറ്റെങ്കിൽ ഒരു മിനിറ്റ് മുമ്പ് ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിയ്ക്കാനായേനെ. 

നമ്മള് ആംബുലൻസിൽ അലാം വെച്ചൊക്കെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതെന്തിനാ? എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനാ. ഇവര് കാണിച്ചത് അനീതിയാണ്, എന്‍റെ അനിയനോട് കാണിച്ചത് ക്രൂരതയാ. ഇത് രണ്ട് പേരുടെ സസ്പെൻഷനിലൊതുക്കിയാൽ പോര. എസ്ഐയും മുകളിലേയ്ക്കുമുള്ള ഉദ്യോഗസ്ഥരുണ്ട്, അവർക്കെതിരെയും നടപടിയെടുക്കണം.'' സനലിന്‍റെ സഹോദരി പറയുന്നു.
 

'അനിയനെ കൊന്ന ഡിവൈഎസ്‍പിയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം. പൊലീസുകാർക്കവരെ സംരക്ഷിക്കാൻ കഴിയുമെന്ന് കൊച്ചുകുഞ്ഞുങ്ങൾക്ക് വരെ അറിയാം. അവരുടെ ഡിപ്പാർട്ട്മെന്‍റിലെ ഒരാളെ അവർക്ക് സംരക്ഷിയ്ക്കാൻ കഴിയും. അതിനുള്ള സാഹചര്യങ്ങൾ ഒരുക്കാനും അവർക്ക് കഴിയും. സാധാരണക്കാർ ഒരു തെറ്റ് ചെയ്താൽ അവരെ ശിക്ഷിയ്ക്കാനേ ഇവിടെ നിയമങ്ങളുള്ളൂ.ഡിവൈഎസ്‍പിയെ സംരക്ഷിയ്ക്കാൻ സർക്കാർ അനുവദിക്കരുത്.'' സനലിന്‍റെ സഹോദരി ആവശ്യപ്പെടുന്നു.
Follow Us:
Download App:
  • android
  • ios