
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഡിവൈഎസ്പിയുമായുണ്ടായ തർക്കത്തിനിടെ വാഹനമിടിച്ച് മരിച്ച സനൽകുമാറിന്‍റെ വീട് ജപ്തി ഭീഷണിയിൽ. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകാർ നോട്ടീസ് അയച്ചുതുടങ്ങി. എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് സനലിന്‍റെ ഭാര്യ വിജി.
സനൽ മരിച്ചതിന് പിന്നാലെ പലരും വീട്ടിലെത്തി. വാഗ്ദാനങ്ങൾ പലത് നൽകി. കുടുംബത്തെ സർക്കാർ ഏറ്റെടുക്കുമെന്നും ഭാര്യക്ക് ജോലി നൽകുമെന്നും പറഞ്ഞവരുണ്ട്. കഴിഞ്ഞ ആഴ്ചയും സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഒന്നും ഉണ്ടായില്ല.
വീട് പണിയാനായി സനലിന്‍റെ അച്ഛൻ ഗവ: പ്രസിൽ ജോലി ചെയ്യവേ എടുത്ത ഏഴ് ലക്ഷം രൂപ പലിശ കയറി വലിയ തുകയായി. പെൻഷനാവുന്ന ദിനം അച്ഛൻ ആത്മഹത്യ ചെയ്തു. അടവ് മുടങ്ങാതിരിക്കാൻ വെൺപകർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് സനൽ 50000 രൂപ പിന്നെയും കടമെടുത്തു. സനൽ പോയതോടെ കുഞ്ഞുങ്ങളും സനലിന്‍റെ അമ്മയും മാത്രമാണ് വിജിക്കൊപ്പം വീട്ടിൽ. അടവ് മുടങ്ങിയതോടെ റവന്യൂ റിക്കവറി നോട്ടീസും വീട്ടിലേക്ക് എത്തി. സനലിന്‍റെ ഓർമ നിലനിൽക്കുന്ന വീട്ടിൽ നിന്ന് ഇറങ്ങാതിരിക്കാൻ സഹായം തേടുകയാണ് വിജി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam