സനല്‍ കുമാറിന്റെ ഭാര്യ സമരത്തിനൊരുങ്ങുന്നു; ആവശ്യം സര്‍ക്കാര്‍ സഹായവും ജോലിയും

By Web TeamFirst Published Dec 8, 2018, 7:16 AM IST
Highlights

കുടുംബത്തിന് അര്‍ഹമായ സഹായം നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും കേസിലെ മുഖ്യ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ ജീവനൊടുക്കിയ ശേഷം നടപടികള്‍ നിലച്ചിരിക്കുകയാണ്. രണ്ടു മക്കളും ഭാര്യയുംഅമ്മയും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക അത്താണിയായിരുന്നു സനല്‍ കുമാര്‍.

നെയ്യാറ്റിൻകര: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍ കുമാറിന്‍റെ ഭാര്യ വിജി  സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിനൊരുങ്ങുന്നു. ജോലിയും സര്‍ക്കാര്‍ സഹായവും ആവശ്യപ്പെട്ടാണ് സമരം. കുടുംബം ജപ്തി ഭീഷണിയിലെന്ന് സനലിന്‍റെ ഭാര്യ വിജി പറഞ്ഞു. കുടുംബത്തിന് അര്‍ഹമായ സഹായം നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും കേസിലെ മുഖ്യ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ ജീവനൊടുക്കിയ ശേഷം നടപടികള്‍ നിലച്ചിരിക്കുകയാണ്.

രണ്ടു മക്കളും ഭാര്യയുംഅമ്മയും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക അത്താണിയായിരുന്ന സനല്‍ കുമാര്‍ കൊല്ലപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞു. കുടുംബത്തിന് സഹായവും ഭാര്യ വിജിക്ക് ജോലിയും നല്‍കണമെന്നാവശ്യപ്പെട്ട് ആദ്യ ഘട്ടത്തില്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കിയിരുന്നു. കുടുംബത്തിന് അര്‍ഹമായ സഹായം നല്‍കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ സനല്‍ കുമാറിനെ കാറിനു മുന്നിലേക്ക് തളളിയിട്ട ഡ‍ിവൈഎസ്പി ഹരികുമാര്‍ ജീവനൊടുക്കിയതോടെ നടപടികള്‍ നിലച്ചു. ഇപ്പോള്‍ കടബാധ്യത മൂലം പിടിച്ചു നില്‍ക്കാനാവാത്ത സ്ഥിതിയാണെന്ന് സനലിന്‍റെ കുടുംബം പറയുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ വീട് ജപ്തി ഭീഷണിയിലുമാണ്. 22ലക്ഷത്തോളം രൂപയുടെ കടബാധ്യതയാണ് കുടുംബത്തിനുള്ളത്. വിജിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ശുപാര്‍ശ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കാരിന് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ മക്കള്‍ക്കൊപ്പം അനിശ്ചിത കാല സത്യാഗ്രഹ സമരം നടത്താനാണ് വിജിയുടെ തീരുമാനം.
 

click me!