
ദില്ലി:ലൈംഗികാതിക്രമ ആരോപണം നേരിടുന്ന എം.ജെ അക്ബർ മന്ത്രിസഭയിൽ തുടരുന്നതിൽ സംഘപരിവാറിനുള്ളിൽ അതൃപ്തി പുകയുന്നു. അക്ബറിനെ സംരക്ഷിക്കുന്നത് ബിജെപിക്ക് മുറിവേല്‍പ്പിക്കുമെന്ന് മുൻ എബിവിപി നേതാവ് രശ്മി ദാസ് കുറ്റപ്പെടുത്തി. മാധ്യമപ്രവർത്തക പ്രിയ രമാണിക്കെതിരെ അക്ബർ നല്കിയ മാനനഷ്ടക്കേസ് പട്യാലഹൗസ് കോടതി വ്യഴാഴ്ച പരിഗണിക്കും.
എം.ജെ അക്ബറിൻറെ രാജി വാങ്ങില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അക്ബറുമായി കൂടിക്കാഴ്ച നടത്തി. വിദേശസന്ദർശനം കഴിഞ്ഞെത്തിയ അക്ബറിൽ നിന്ന് വിവരങ്ങൾ തേടാനുള്ള കൂടിക്കാഴ്ച മാത്രമെന്നാണ് വിശദീകരണം. ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ ദില്ലിയിലുണ്ടെങ്കിലും എന്തെങ്കിലും നടപടിയുടെ സൂചനയില്ല.
സംഘപരിവാറിൻറെ നയത്തിന് വിരുദ്ധമാണ് അക്ബറിനോടുള്ള സമീപനമെന്ന് സംഘപരിവാറിനൊപ്പം നില്‍ക്കുന്ന മുൻ എബിവിപി നേതാവ് രശ്മി ദാസ് പറഞ്ഞു. ബിജെപിക്ക് ഇത് ക്ഷതം ഏല്പിക്കുമെന്നും രശ്മി ദാസ് തുറന്നടിച്ചു. ആദ്യം ആരോപണം ഉന്നയിച്ച പ്രിയാ രമാണിക്കെതിരെയുള്ള അക്ബറിൻറെ മാനനഷ്ടകേസ് വ്യഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് കോടതി പരിഗണിക്കും. അനുഭവം തുറന്നു പറഞ്ഞ മറ്റു മാധ്യമപ്രവർത്തകർക്കെതിരെയും കേസ് നല്‍കുമെന്ന മുനനറിയിപ്പുമുണ്ട്. അക്ബറിനെതിരെ നടപടി വേണമെന്ന് ഇന്ത്യൻ വിമിൻ പ്രസ് കോർ, ഐഡബ്ള്യുപിസി രാഷ്ട്രപതിക്ക് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ അഹങ്കാരമാണ് വ്യക്തമാകുന്നതെന്ന് ബിഎസ്പി അദ്ധ്യക്ഷ മായാവതി പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam