Latest Videos

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രത്തിന്റെ ആദ്യഘട്ടം നിര്‍മ്മിക്കും; സഹായവുമായി ഷിയാ വഖഫ് ബോര്‍ഡ്

By Web DeskFirst Published Oct 22, 2017, 5:12 PM IST
Highlights

അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണത്തിന് ഷിയാ വഖഫ് ബോര്‍ഡിന്റെ സഹായത്തോടെ ബി.ജെ.പി നീക്കം ഊര്‍ജ്ജിതമാക്കുന്നു. 2019ലെ തെരഞ്ഞെടുപ്പിന് മുമ്പ് ക്ഷേത്രനിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘപരിവാറിന്റെ നീക്കം. 

അയോധ്യയില്‍ അടുത്തിടെ യോഗി ആദിത്യനാഥ് സംഘടിപ്പിച്ച ദീപാവലി ആഘോഷം വരാന്‍ പോകുന്ന വലിയ നീക്കങ്ങളുടെ മുന്നോടിയാണ്. അയോധ്യയിലെ ശ്രീരാമ പ്രതിമയ്‌ക്ക് പത്ത് വെള്ളി അമ്പുകള്‍ സംഭാവന ചെയുമെന്ന് ഷിയ വഖഫ് ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ബാബരി മസ്ജിദിന്റെ കാര്യത്തില്‍ ഷിയ-സുന്നി വിഭാഗങ്ങളെ രണ്ടു തട്ടിലാക്കിയുള്ള നീക്കമാണ് ബി.ജെ.പി തുടങ്ങിയിരിക്കുന്നത്. 1989 മുതല്‍ കേസില്‍ ഷിയ വഖഫ് ബോര്‍ഡും പങ്കാളിയാണെങ്കിലും ഇതുവരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നില്ല. എന്നാല്‍ സുപ്രീം കോടതയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ തര്‍ക്കഭൂമിയില്‍ നിന്ന് അകലെ പള്ളി പണിയാന്‍ തയ്യാറാണെന്ന് ഷിയ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. 

ബാബരി മസ്ജിദിന്റെ യഥാര്‍ത്ഥ ഉടമകള്‍ ഷിയാ വിഭാഗമാണെന്ന വാദം സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോള്‍ ശക്തമായി ഉന്നയിക്കും. കേന്ദ്രസര്‍ക്കാര്‍ ഇതിനെ പിന്തുണയ്‌ക്കുകയും ചെയ്യും. യഥാര്‍ത്ഥ ഉടമകളുടെ നിലപാടാണ് പരിഗണിക്കേണ്ടതെന്നും സുന്നി വഖഫ് ബോര്‍ഡിന്റേതല്ലെന്നും സ്ഥാപിക്കാനാകും സര്‍ക്കാര്‍ ശ്രമം. ഇറാനിലെ മതനേതാക്കളുടെ പിന്തുണയും സര്‍ക്കാരിന്റെ ഈ നീക്കത്തിനുണ്ട്. ഷിയാ ബോര്‍ഡിന്റെ ഈ വാദം തള്ളി കോടതിക്ക് വിധിപറയാനാവില്ലെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. കോടതി വിധി അടുത്ത വര്‍ഷം ആദ്യം ഉണ്ടാകുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്ഷേത്രനിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാകുമെന്നും സംഘപരിവാര്‍ വിലയിരുത്തുന്നു.

click me!