സിസ്റ്റർ അനുപമയുടെ കരച്ചിൽ, നമ്മുടെ എല്ലാ അഹങ്കാരങ്ങളുടെയും മുഖത്തു കിട്ടുന്ന പ്രഹരം- എസ് ശാരദക്കുട്ടി

By Web TeamFirst Published Oct 26, 2018, 1:24 PM IST
Highlights

മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ആൾക്കൂട്ടാക്രമണത്തിന് പൊതുവഴിയിൽ സ്ത്രീകൾ വിധേയരാകുന്നത് പ്രാകൃത സമൂഹങ്ങളിൽ മാത്രമാണ്. ചോദ്യം ചെയ്യുന്നവരെ വഴിയിലിട്ട് കണ്ടം തുണ്ടം വെട്ടിയതും പച്ചക്കു തീയിട്ടതുമായ കഥകൾ ഹൈപേഷ്യയുടെ കാലത്ത് കേട്ടിട്ടുണ്ട്.

കൊച്ചി: സിസ്റ്റർ അനുപമയെ അവഹേളിച്ച സംഭവം നമ്മുടെ എല്ലാ അഹങ്കാരങ്ങളുടെയും മുഖത്തു കിട്ടുന്ന പ്രഹരമാണെന്ന് എഴുത്തുകാരി എസ്.ശാരദക്കുട്ടി. കന്യാസ്ത്രീ പീഡീപ്പിക്കപ്പെട്ട സംഭവത്തിൽ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത സിസ്റ്റർ അനുപമയടക്കമുള്ള കന്യാസ്ത്രീകളെ ഒരു വിഭാഗം വിശ്വാസികൾ ഇന്നലെ പള്ളിയിൽവച്ച് തടഞ്ഞിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നൽകിയ ഫാദർ കുര്യാക്കോസിന്റെ സംസ്കാരച്ചടങ്ങുകൾക്ക് പങ്കെടുക്കാനെത്തിയതായിരുന്നു സിസ്റ്റർ. ഇതിനെതിരെ രൂക്ഷവിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ശാരദക്കുട്ടി.   

ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:

‘പള്ളിയിലെ വിശ്വാസി സമൂഹം സിസ്റ്റർ അനുപമയെ അവഹേളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ അപമാനഭാരത്തോടെയാണ് കണ്ടത്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ആൾക്കൂട്ടാക്രമണത്തിന് പൊതുവഴിയിൽ സ്ത്രീകൾ വിധേയരാകുന്നത് പ്രാകൃത സമൂഹങ്ങളിൽ മാത്രമാണ്. ചോദ്യം ചെയ്യുന്നവരെ വഴിയിലിട്ട് കണ്ടം തുണ്ടം വെട്ടിയതും പച്ചക്കു തീയിട്ടതുമായ കഥകൾ ഹൈപേഷ്യയുടെ കാലത്ത് കേട്ടിട്ടുണ്ട്.

ഈ ദൃശ്യങ്ങൾ നമ്മുടെ നവകേരളത്തിലാണ്. കേരളം മുഴുവൻ കണ്ടതാണ്. പച്ചക്കുള്ള തെളിവുകളാണ്. തെരുവിലും പൊതുവിടങ്ങളിലും തലയുയർത്തി നടക്കാനുള്ള സ്ത്രീയുടെ അവകാശത്തെ ഇല്ലാതാക്കാൻ അനുവദിക്കരുത്. കരഞ്ഞുകൊണ്ടിറങ്ങിപ്പോകുന്ന ആ സന്യാസിനി, നമ്മുടെ എല്ലാ അഹങ്കാരങ്ങളുടെയും മുഖത്തു കിട്ടുന്ന പ്രഹരമാണ്.

ഫാദർ കുര്യാക്കോസിന്റെ പെട്ടെന്നുണ്ടായ മരണത്തിന്റെ കാരണങ്ങൾ അജ്ഞാതമാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റു രേഖകളും പറയുന്നതല്ലാതെ നമുക്കു ആധികാരികമായൊന്നും പറയാൻ കഴിയില്ല. പക്ഷേ, ജീവിച്ചിരിക്കുന്ന ഈ കന്യാസ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ഗുരുതരമായ ശ്രദ്ധ ആവശ്യമാണ്. സർക്കാരിന്റെ അടിയന്തിര ശ്രദ്ധ അതിലുണ്ടാകണം. അത്രയ്ക്ക് അസഹിഷ്ണുതയും ആക്രമണ വ്യഗ്രതയുമാണ് പള്ളിമുറ്റത്തെ ആണുങ്ങൾ കാണിക്കുന്നത്. നാളെ അഹിതമായ വാർത്തകൾ ഉണ്ടാകാതിരിക്കാൻ സർക്കാർ ജാഗരൂകമായിരിക്കണം. ഇതൊരു അപേക്ഷയാണ്..'

click me!