
ദില്ലി;ആര്‍എസ്എസിന് ഭരണഘടനയല്ല മനുസ്മൃതിയാണ് വേണ്ടതെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ തിരുത്തുമായി ശശി തരൂര്‍. രാഹുല്‍ ഗാന്ധി പറഞ്ഞത് ചരിത്രപരമായി ശരിയാണെങ്കിലും, ആ കാലത്ത് നിന്ന് ആര്‍എസ്എസ് ഏറെ മുന്നോട്ട് വന്നുകഴിഞ്ഞെന്ന് തരൂര്‍ വ്യക്തമാക്കി.
ഭരണഘടന വിവാദം ചൂടുപിടിച്ചതിന് പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് ആര്‍എസ്എസിനെയും ബിജെപിയും രാഹുല്‍ ഗാന്ധി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. രണ്ട് കൂട്ടര്‍ക്കും ഭരണഘടനയല്ല മനുസ്മൃതിയാണ് വേണ്ടത്. ദരിദ്രരയെും പാര്‍ശ്വവത്ക്കപരിക്കപ്പെട്ടവരെയും അടിമകളാക്കാനാണ് നീക്കം. ആര്‍എസ്എസിന്‍റെ സ്വപ്നം നടക്കില്ലെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.
ഇതിന് മറുപടിയായാണ് തരൂരിന്‍റെ തിരുത്ത്. രാഹുല്‍ ഗാന്ധിയുടെ നിരീക്ഷണം ചരിത്രപരമായി ശരിയായിരിക്കാം. ഭരണഘടന അംഗീകരിക്കുന്ന വേളയില്‍ അതിന്‍റെ പോരായ്മയായി ഗോള്‍വള്‍ക്കറടക്കം ചൂണ്ടിക്കാട്ടിയത് അതില്‍ മനുസ്മൃതിയുടേതായി ഒന്നുമില്ലെന്നാണ്. എന്നാല്‍ അക്കാലത്ത് നിന്ന് ആര്‍എസ്എസ് ഏറെ മുന്നോട്ട് വന്നുകഴിഞ്ഞെന്നാണ് താന്‍ കരുതുന്നതെന്ന് ശശി തരൂര്‍ വ്യക്തമാക്കി.
ദത്താത്രേയ ഹൊസബലെയുടെ പരാമര്‍ശം ബിജെപിക്കെതിരെ കോണ്‍ഗ്രസ് വലിയ പ്രചാരണമാക്കുന്നതിനിടെയാണ് തരൂരിന്‍റെ വാക്കുകള്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നത്. ഭരണഘടനയുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നിലപാടുകളെ മുന്‍പ് ചോദ്യം ചെയ്ത തരൂര്‍ ഇപ്പോള്‍ അവര്‍ക്ക് പ്രതിരോധം തീര്‍ക്കുന്നുവെന്ന ചര്‍ച്ച സമൂഹമാധ്യമങ്ങളില്‍ സജീവമായി.