
തിരുവനന്തപുരം/കൊച്ചി: മുപ്പതു ലക്ഷം സ്ത്രീകളെ വനിതാ മതിലിൽ നിരത്താൻ ആകുമെന്നാണ് പ്രതീക്ഷയെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സെക്രട്ടറി അഡ്വ. പി സതീദേവി. വനിതാ മതിൽ ചരിത്ര വിജയമാകും. പൊലീസ് ഇതുവരെ ശബരിമല ദർശനത്തിൽ നിന്ന് സ്ത്രീകളെ തടയുന്നതോ പിന്തിരിപ്പിക്കുന്നതോ ആയ സംഭവങ്ങൾ ഉണ്ടായിട്ടില്ല. സമാധാനപരമായി പ്രശ്നങ്ങൾ നേരിടാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. ചിലർ മനഃപൂർവം കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. സമാധാന പരമായ അന്തരീക്ഷത്തിൽ നിന്ന് ദര്‍ശനം നടത്താനെ ഭക്തരും ആഗ്രഹിക്കൂ.
വനിതാ മതിലിനു എതിരായ പ്രചാരണങ്ങൾ കൂടുതൽ കരുത്ത് പകരുന്നതാണ്. വനിതാ മതിലിന്റെ ആശയം രൂപപ്പെട്ടപ്പോൾ തന്നെ എതിർപ്പ് തുടങ്ങി. കോൺഗ്രസിന്റെ പതനമാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. വർഗീയ കലാപത്തിന് ആക്കം കൂട്ടാനും സ്ത്രീ വിരുദ്ധത പ്രചരിപ്പിക്കാനുമാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും സതീ ദേവി കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം 50 കോടി രൂപ സ്ത്രീ സുരക്ഷയ്ക്കായ് വകയിരുത്തിയിട്ടുണ്ടെന്നും അതിൽ നിന്ന് ഒരു രൂപ പോലും ആവിശ്യപ്പെടില്ലെന്നും സര്‍ക്കാര്‍ അനുവദിച്ചിട്ടുമില്ലെന്നും നവോത്ഥാന മൂല്യ സംരക്ഷണ സമിതി പറഞ്ഞു. മത ന്യൂനപക്ഷങ്ങളെയും വനിതാ മതിലിലേക്ക് ക്ഷണിക്കും. ആലഞ്ചേരി പിതാവിന്റെ പ്രസ്താവന പിന്തുണയേറുന്നു എന്ന സൂചനയാണെന്നും സമിതി വ്യക്തമാക്കി.
വനിതാ മതിൽ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് പുന്നല ശ്രീകുമാര്‍ അറിയിച്ചു. 22 ലക്ഷം വനിതകളെ സമിതിയിലെ സംഘടനകൾ എത്തിക്കും. ജനുവരി ഒന്നിന് മൂന്ന് മണിക്ക് ദേശീയ പാതയിലെത്തും. 3:45 ന് റിഹേള്‍സല്‍ നടത്തും. നാല് മണിക്ക് മതിൽ നിർമ്മിക്കും. ഗിന്നസ് ബുക്കിലിടം നേടാനും സാധ്യതയുണ്ട്. ഗിന്നസ് അധികൃതരുമായി ബന്ധപ്പെടും. വിമർശനങ്ങൾക്കുള്ള ഉജ്വല മറുപടി മതിൽ നൽകുമെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.
ഇത് യാഥാസ്ഥിതിക വാദികളും പുരോഗമന വാദികളും തമ്മിലുള്ള പോരാട്ടമാണ്. എസ് എന്‍ ഡി പി അറ് ലക്ഷം പേരെയും കെ പി എം എസ് 5 ലക്ഷം പേരെയും വനിതാ മതിലിനായി എത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam