പുൽവാമ ആക്രമണത്തെ അപലപിച്ച് സൗദി: ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമാക്കി

By Web TeamFirst Published Feb 20, 2019, 6:15 PM IST
Highlights

ഒരു രാജ്യവും ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കരുതെന്ന് സംയുക്തപ്രസ്താവനയില്‍ ഇരുരാഷ്ട്രത്തലവന്‍മാരും ആവശ്യപ്പെട്ടു. ഭീകരവാദം മറ്റൊരു രാജ്യത്തിനെതിരെയുള്ള നയമായി ആരും മാറ്റരുത്.

ദില്ലി: പുല്‍വാമ ആക്രമണത്തെ അപലപിച്ച് ഇന്ത്യയും സൗദിയും സംയുക്തപ്രസ്താവന പുറത്തിറക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനായിലാണ് പുല്‍വാമ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി അറിയിച്ചത്. 

ഒരു രാജ്യവും ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കരുതെന്ന് സംയുക്തപ്രസ്താവനയില്‍ ഇരുരാഷ്ട്രത്തലവന്‍മാരും ആവശ്യപ്പെട്ടു. ഭീകരവാദം മറ്റൊരു രാജ്യത്തിനെതിരെയുള്ള നയമായി ആരും മാറ്റരുത്. ഭീകരരെയും സംഘടനകളെയും കരിമ്പട്ടികയിൽപ്പെടുത്തി യുഎൻ ഉപരോധം ഏർപ്പെടുത്തുന്നതിനോട് സൗദി യോജിപ്പ് അറിയിച്ചു. 

ഇന്ത്യയും പാകിസ്ഥാനും സമഗ്ര ചർച്ച പുനരാരംഭിച്ച് പ്രശ്നങ്ങൾ പരിഹിരിക്കണമെന്നും ചർച്ച തുടങ്ങാനുള്ള അന്തരീക്ഷം ഉണ്ടാവണം എന്നും പ്രസ്താവനയില്‍ ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. ഇന്ത്യയ്ക്കുള്ള ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമാക്കി ഉയര്‍ത്തുമെന്ന് ചര്‍ച്ചയില്‍ സൗദി ഉറപ്പ് നല്‍കി. 
ഉഭയകക്ഷി ചര്‍ച്ചകള്‍ക്കിടയില്‍ ആക്രമണത്തിൽ പാകിസ്ഥാൻറെ പങ്ക് ശക്തമായി ഉന്നയിച്ചു എന്ന് ഇന്ത്യന്‍ നയതന്ത്രവിദഗ്ധര്‍ വ്യക്തമാക്കി. 

click me!