
കൊല്ലം: ആലപ്പാട് ഖനനത്തിനായി ഭൂമി വിട്ടുകൊടുക്കാൻ താല്‍പ്പര്യമില്ലാത്തവരെ ഇന്ത്യൻ റെയര്‍ എര്‍ത്ത് അധികൃതരും ജീവനക്കാരും ഭീഷണിപ്പെടുത്തുന്നതായി പരാതി. ഭൂമി വിട്ടുകൊടുക്കാത്തവര്‍ക്ക് ഭവനവായ്പയും മറ്റ് ആനുകൂല്യങ്ങളും പഞ്ചായത്തും നിഷേധിക്കുന്നുവെന്നാണ് പരാതി. പൊൻമന ഗ്രാമപഞ്ചായത്തില്‍ അവശേഷിക്കുന്ന മൂന്ന് കുടുംബങ്ങളാണ് ഈ അവഗണന നേരിടുന്നത്.
ഇവരുടെ വീടിന് നാല് പാടും ഖനനം നടക്കുകയാണ്. അതിനിടയില്‍ ഒറ്റപ്പെട്ട് കിടക്കുന്ന മൂന്ന് കുടുംബങ്ങളിലൊന്ന് പ്രസന്നയുടേതാണ്. വള്ളത്തിലേ വീട്ടിലേക്കെത്താനാകൂ. മുപ്പത് വര്‍ഷം മുൻപ് പൊൻമനയില്‍ 1500 കുടുംബങ്ങളുണ്ടായിരുന്നു. എല്ലാവരും ഖനനത്തിനായി കിടപ്പാടം വിട്ട് കൊടുത്ത് നാട് വിട്ട് പോയി. പക്ഷേ ജനിച്ച മണ്ണില്‍ ഒരു ഭീഷണിക്കും സമ്മര്‍ദ്ദത്തിനും വഴങ്ങാതെ ജീവിക്കുകയാണ് പ്രസന്ന. ഐ ആര്‍ ഇയ്ക്ക് സമീപമാണ് വസ്തു എന്നതിനാല്‍ ഭവനവായ്പ നിഷേധിക്കപ്പെട്ടു. ചികിത്സാ ആനുകൂല്യങ്ങളും കിട്ടുന്നില്ല.
ഇവിടം വിട്ട് മറ്റൊരു സ്ഥലത്തേക്ക് പോയാല്‍ ലോണ്‍ പാസാക്കാമെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റന്‍റേയും നിലപാട്. പൊൻമനയില് മാത്രമല്ല, ആലപ്പാടും വെള്ളനാത്തുരുത്തും അഴീക്കലും ഇതു പോലെ നിസഹായരായി ജീവിക്കുന്നവരെ കാണാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam