
പത്തനംതിട്ട: ശബരിമലയിലെ പൊലീസ് നടപടികൾക്ക് പ്രായശ്ചിത്തമെന്ന പേരിൽ പ്രാർത്ഥനായജ്ഞവുമായി ഒരു കൂട്ടം റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥർ. പന്തളം വലിയ കോയിക്കൽ ക്ഷേത്ര മുറ്റത്ത് സംഘടിപ്പിച്ച പ്രാർത്ഥനാ യജ്ഞം മുൻ ഡിജിപി ടി പി സെൻകുമാർ ഉദ്ഘാടനം ചെയ്തു.
ശബരിമല സ്ത്രീ പ്രവേശന വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ പ്രായശ്ചിത്തമെന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. വലിയ കോയിക്കൽ ക്ഷേത്ര മുറ്റത്ത് നടന്ന പ്രാർത്ഥനാ യജ്ഞത്തിൽ 30 ൽ അധികം പേർ പങ്കെടുത്തു. ഡിജിപി ഉൾപ്പെടയുള്ളവർ നടത്തിയ തെറ്റുകൾക്കുള്ള പ്രായശ്ചിത്തമാണിതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മുൻ ഡിജിപി ടി പി സെൻകുമാർ പറഞ്ഞു.
മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കുമെല്ലാം പല താൽപര്യങ്ങളും കാണും, അത് പ്രസംഗിക്കുകയും ചെയ്യും. പക്ഷേ പൊലീസ് പ്രവർത്തിക്കേണ്ടത് നിയമപ്രകാരം മാത്രമാണ്. എന്നാൽ ശബരിമലയിൽ അതുണ്ടായില്ല. രഹ്ന ഫാത്തിമയടക്കമുള്ള യുവതികളെ സന്നിധാനത്തേക്ക് കൊണ്ടുപോയതിന് എന്തെങ്കിലും ഉത്തരവുണ്ടായിരുന്നോയെന്ന് വ്യക്തമാക്കണമെന്നും ടി പി സെൻകുമാർ പറഞ്ഞു. മുൻ എഡിജിപി ആര്‍ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പന്തളം കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡന്റ് പി ജി ശശികുമാര വർമ്മയും പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam