എസ്ബിഐ ബാങ്ക് ആക്രമണം; പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

By Web TeamFirst Published Jan 17, 2019, 9:50 AM IST
Highlights

ദേശീയ പണിമുടക്ക് ദിവസം തിരുവനന്തപുരത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്.

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം തിരുവനന്തപുരത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. എന്‍‌ജിഒ നേതാക്കളായ പി കെ വിനുകുമാർ, അനിൽ കുമാർ, സുരേഷ് ബാബു, ബിജു രാജ്, ശ്രീവത്സൻ, സുരേഷ് കുമാർ എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്.

ബാങ്ക് ആക്രമിച്ച സംഘത്തില്‍ ഉണ്ടെന്ന് പൊലീസ് കരുതുന്ന അജയകുമാര്‍ ഒളിവിലാണ്. എന്നാല്‍ അജയകുമാറിന് സംഭവവുമായി ബന്ധമില്ലെന്നാണ് കീഴടങ്ങിയവര്‍ മൊഴി നല്‍കിയിരിക്കുന്നത്. ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസം എസ്ബിഐ ശാഖ അടിച്ചു തകര്‍ത്ത കേസില്‍ നേരത്തെ അറസ്റ്റിലായ അശോകനും ഹരിലാലും ഇപ്പോള്‍ റിമാന്‍റിലാണ്. അക്രമത്തില്‍ ഒന്നരലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.

ജനുവരി എട്ടിന് ഒരു സംഘമാളുകൾ ബ്രാ‍ഞ്ചിന്‍റെ താഴത്തെ നിലയിലെത്തി ബാങ്കിന്‍റെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുകയായിരുന്നു. എന്നാൽ പറ്റില്ലെന്ന് സെക്യൂരിറ്റി ജീവനക്കാർ വ്യക്തമാക്കി. തുടർന്ന് കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന ബ്രാഞ്ചിലേക്ക് പോകണമെന്നായി സമരക്കാർ. എന്നാൽ സമരക്കാരെ സെക്യൂരിറ്റി ജീവനക്കാർ തട‌ഞ്ഞതോടെ സംഘർഷമായി.

മുകളിലത്തെ നിലയിലെത്തിയ സമരക്കാർ ബ്രാഞ്ച് അടിച്ചു തകർത്തു. മാനേജരുടെ ക്യാബിൻ തകർത്ത് അകത്തു കയറിയ ഇവർ കമ്പ്യൂട്ടറും മേശയും കസേരയും തല്ലിപ്പൊളിക്കുകയും ചെയ്തു. പറഞ്ഞാൽ ബാങ്ക് അടച്ചിടാനാകില്ലേ - എന്ന് ആക്രോശിച്ച് മാനേജരെ കയ്യേറ്റം ചെയ്യുകയായിരുന്നു അക്രമികൾ.

click me!