സർക്കാർ അവഗണിക്കുന്നു; സ്പെഷ്യൽ സ്കൂൾ അധ്യാപകർ സമരത്തിലേക്ക്

By Web TeamFirst Published Jan 17, 2019, 9:24 AM IST
Highlights

സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂൾ അധ്യാപകർ സമരത്തിലേക്ക്.

തിരുവനന്തപുരം: സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂൾ അധ്യാപകർ സമരത്തിലേക്ക്. ശമ്പള വർദ്ധനവുൾപ്പെടെ നടപ്പാക്കാൻ ശുപാർശ ചെയ്ത് സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി സമർപ്പിച്ച റിപ്പോര്‍ട്ട് നടപ്പാക്കാതെ സർക്കാർ ഒഴിഞ്ഞുമാറുന്നെന്നാണ് അധ്യാപകരുടെ ആരോപണം. 

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പഠിപ്പിക്കാനും പരിചരിക്കാനും സംസ്ഥാനത്തുളളത് 314 സ്പെഷ്യൽ സ്കൂളുകളാണ്. ആറായിരത്തിലേറെ അദ്ധ്യാകരാണിവിടെ ജോലി ചെയ്യുന്നത്. മിക്കവർക്കും മാസശമ്പളം ആറായിരം രൂപയിൽത്താഴെയാണ്. ശമ്പളവർദ്ധനവെന്ന നിരന്തര ആവശ്യത്തെ തുടർന്ന് 2017ൽ സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ഈ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. സ്പെഷ്യൽ സ്കൂളുകൾക്കുളള ധനസഹായം വർദ്ധിപ്പിക്കുമെന്നും ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ കൊല്ലം രണ്ടുകഴിഞ്ഞിട്ടും ഒന്നുമായില്ലെന്ന് അധ്യാപകർ പറയുന്നു. 

 നൂറിൽ കൂടുതൽ കുട്ടികളുളള സ്പെഷ്യൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുമെന്ന പ്രഖ്യാപനം ഒന്നുമായില്ലെന്ന് മാനേജ്മെന്‍റുകളും പറയുന്നു. മാനേജ്മെന്‍റുകളുമായി ചേർന്നുളള സമരത്തിനാണ് അധ്യാപകരുടെ കൂട്ടായ്മ ലക്ഷ്യമിടുന്നത്. നിയമസഭ സമ്മേളിക്കുന്ന ഈ മാസം 25 മുതൽ തിരുവനന്തപുരത്ത് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങാനാണ് അധ്യാപകരുടെ നീക്കം.

click me!