അലോക് വർമ്മയ്ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് വൈകി; സിവിസിക്ക് സുപ്രീംകോടതിയുടെ വിമർശനം

By Web TeamFirst Published Nov 12, 2018, 3:12 PM IST
Highlights

അർദ്ധരാത്രി സിബിഐ ഡയറക്ടറെ മാറ്റാൻ അറിയാവുന്ന സർക്കാരിന് ഞായറാഴ്ച റിപ്പോർട്ട് എത്തിക്കാൻ എന്തു തടസ്സമെന്ന് ഹ‍ർജിക്കാർക്കു വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ ചോദിച്ചു

ദില്ലി: സിബിഐ ഡയറക്ടർ അലോക് വർമ്മയ്ക്കെതിരായ അന്വേഷണ റിപ്പോർട്ട് നല്‍കാൻ വൈകിയതിന് കേന്ദ്ര വിജലിൻസ് കമ്മീഷന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. റിപ്പോർട്ട് പരിശോധിക്കാനായി കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഇടക്കാല ഡയറക്ടറുടെ നടപടികൾ പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സിബിഐയില്‍ ഇപ്പോഴും പ്രതിസന്ധി തുടരുകയാണ്. തന്ത്രപരമായ നീക്കത്തിലൂടെ അലോക് വർമ്മയ്ക്കെതിരായ കേന്ദ്ര വിജിലൻസ് കമ്മീഷൻ കേസ് പതിനൊന്നരയ്ക്ക് പരിഗണിച്ചപ്പോഴാണ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ നല്കിയത്. ഈ റിപ്പോർട്ട് കിട്ടാൻ ഞായറാഴ്ചയായും ഓഫീസ് തുറന്നു വച്ചിരുന്നു എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വൈകിയതിന് സിവിസിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ക്ഷമ ചോദിച്ചു. 

അർദ്ധരാത്രി സിബിഐ ഡയറക്ടറെ മാറ്റാൻ അറിയാവുന്ന സർക്കാരിന് ഞായറാഴ്ച റിപ്പോർട്ട് എത്തിക്കാൻ എന്തു തടസ്സമെന്ന് ഹ‍ർജിക്കാർക്കു വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ ചോദിച്ചു. ഇടക്കാല ഡയറക്ടർ കോടതി നിർദ്ദേശത്തിന് വിരുദ്ധമായി തീരുമാനങ്ങൾ എടുക്കുന്നുണ്ടെും ദവെ വാദിച്ചു. എല്ലാം പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി മറുപടി നല്‍കി. 

മൂന്ന് ഭാഗങ്ങളായുള്ള അന്വേഷണ റിപ്പോർട്ടാണ് മുദ്രവച്ച കവറിൽ കോടതിയിൽ നല്‍കിയത്. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ കെ പട്നായികിൻറെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. കാര്യമായ തെളിവൊന്നും അലോക് വർമ്മയ്ക്കെതിരെ കണ്ടെത്താൻ ആയില്ലെന്ന സൂചന ഇന്നലെ പുറത്തു വന്നിരുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയത് വഴി സര്‍ക്കാരിന് ഇക്കാര്യത്തിൽ വിശദീകരണം നല്‍കാന്‍  ഒരാഴ്ച കൂടി സമയം കിട്ടുകയാണ്. 

click me!