അലോക് വര്‍മയുടെ ഹര്‍ജി സുപ്രീംകോടതി അല്‍പസമയത്തിനകം പരിഗണിക്കും

Published : Oct 26, 2018, 10:33 AM ISTUpdated : Oct 26, 2018, 10:58 AM IST
അലോക് വര്‍മയുടെ ഹര്‍ജി സുപ്രീംകോടതി അല്‍പസമയത്തിനകം പരിഗണിക്കും

Synopsis

സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകര്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് കൂടിയാവും സുപ്രീംകോടതി ഇന്ന് സാക്ഷിയാവുക.  

ദില്ലി:ഡയറക്ടര്‍ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സിബിഐ മുന്‍മേധാവി അലോക് കുമാര്‍ വര്‍മ്മ നല്‍കിയ ഹര്‍ജി അല്‍പസമയത്തിനകം സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.കെ.ഖോര്‍, കെ.എം.ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. 

തന്നെ മാറ്റിയ ദിവസം തന്നെ അലോക് കുമാര്‍ വര്‍മ്മ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതോടൊപ്പം കോമണ്‍ കോസ് എന്ന സംഘടനയ്ക്ക് വേണ്ടി പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും ഇതേ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ രണ്ട് ഹര്‍ജികളും കൂടി ഒരുമിച്ചാവും സുപ്രീംകോടതി പരിഗണിക്കുക. 

തന്നെ മാറ്റിയത് നിയമവിരുദ്ധമായാണ്. പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രതിപക്ഷനേതാവ് എന്നിവരടങ്ങിയ മൂന്നംഗസമിതിക്ക് മാത്രമേ സിബിഐ മേധാവിയെ മാറ്റി നിശ്ചയിക്കാന്‍ സാധിക്കൂവെന്നും അതിനാല്‍ തന്നെ മാറ്റുകയും നാഗേശ്വര റാവുവിനെ സിബിഐ മേധാവിയാക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടി നിയമവിരുദ്ധവുമാണെന്നുമാണ് ഹര്‍ജികളില്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രമുഖ അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ അലോക് വര്‍മയ്ക്ക് വേണ്ടി ഹാജരാവും എന്നാണ് അറിയുന്നത്.

അതേസമയം സിബിഐ മേധാവിയെ മാറ്റിയിട്ടില്ലെന്നും താല്‍കാലികമായി ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ് ചെയ്തിരിക്കുന്നതെന്നും അന്വേഷണം പൂര്‍ത്തിയാവുന്ന മുറയ്ക്ക് അദ്ദേഹത്തെ അതേ സ്ഥാനത്ത് തിരിച്ചു കൊണ്ടു വരുമെന്നാണ് കേന്ദ്രസര്ക്കാര്‍ വിശദീകരിക്കുന്നത്. ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ നേരിട്ട് ഹാജരാവും. സിബിഐ ജോയിന്‍റ് ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്ക് വേണ്ടി മുകുള്‍ റോത്തഗിയും കേന്ദ്ര വിജിലിന്‍സ് കമ്മീഷണര്‍ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഹാജരാവും. ഫലത്തില്‍ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകര്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് കൂടിയാവും സുപ്രീംകോടതി ഇന്ന് സാക്ഷിയാവുക.

പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പേഴ്സണ്‍ മന്ത്രാലയമാണ് സിബിഐയുടെ മേല്‍നോട്ടം വഹിക്കുന്നത്. അര്‍ധരാത്രിയില്‍ സിബിഐ മേധാവിയേയും ഉപമേധാവിയേയും മാറ്റിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നടത്തിയ അട്ടിമറി സുപ്രീംകോടതി അംഗീകരിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. റഫേല്‍ അടക്കമുള്ള അഴിമതികളില്‍ സിബിഐയെ നിശബ്ദരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ അട്ടിമറി നടത്തിയതെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഉന്നയിക്കുന്ന ആരോപണം.

നേരത്തെ തല്‍സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട സിബിഐ ജോയിന്‍റ് ഡയറക്ടര്‍ രാകേഷ് അസ്താന അലോക് വര്‍മ്മയ്ക്കെതിരെ കൊടുത്ത പരാതിയുടെ വിശദാംശങ്ങളും പുറത്തു വന്നിട്ടുണ്ട്. ലാലു പ്രസാദ് യാദവ് ഉള്‍പ്പെട്ട് ഐആര്‍സിടിസി കേസടക്കം ഒന്‍പതോളം കേസുകളില്‍ അലോക് വര്‍മ ഇടപെട്ടുവെന്നാണ് രാകേഷ് അസ്താന കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാഗ്പൂരിൽ മലയാളി വൈദികനേയും ഭാര്യയെയും അറസ്റ്റ് ചെയ്ത സംഭവം, കേസെടുത്തത് 12 പേർക്കെതിരെ
'മലനിരകൾ നമ്മെ വിളിക്കുകയാണോ, ഇത് കണ്ടിട്ട് എന്ത് തോന്നുന്നു', വീഡിയോയുമായി ഐഎഫ്എസ് ഉദ്യോഗസ്ഥൻ