മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി തട്ടിപ്പ്; വിവാഹ തട്ടിപ്പ് വീരന്‍ അറസ്റ്റില്‍

By Web TeamFirst Published Dec 24, 2018, 3:51 PM IST
Highlights

ഇയാളുടെ വാചകമടിയില്‍ വീണുപോയ കുടുംബം മാര്‍ച്ചില്‍ യുവതിയുമായുള്ള വിവാഹവും നടത്തി. രണ്ട് ആഴ്ചയോളം യുവതിക്കൊപ്പം കഴിഞ്ഞശേഷം വസിഷ്ഠ് ഒളിവില്‍ പോവുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന പണവും സ്വര്‍ണവും എടുത്തുകൊണ്ടാണ് ഇയാള്‍ കടന്നുകളഞ്ഞത്. വീട്ടുകാരുടെ പരാതിയില്‍ കോടതി ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. 
 

ഹരിദ്വാര്‍: മാട്രിമോണിയല്‍ സൈറ്റുകളില്‍ വലവിരിച്ച് യുവതികളെ ലൈംഗികമായി ഉപയോഗിച്ചുവരുന്ന വിവാഹതട്ടിപ്പു വീരന്‍ ഒടുവില്‍ പിടിയില്‍.  അഭിഷേക് വസിഷ്ഠ എന്ന മുപ്പത്തിരണ്ടുകാരനെയാണ് ഹരിദ്വാറിലെ ആശ്രമം ചൗകില്‍ ശനിയാഴ്ച പൊലീസ് അറസ്റ്റിന് വിധേയനായത്. മാധ്യമപ്രവര്‍ത്തകനെന്നും, മാധ്യമസ്ഥാപന മേധാവിയെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാള്‍ മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴി പരിചയപ്പെട്ട യുവതികളെ ചൂഷണം ചെയ്തിരുന്നത് എന്നാണ് പൊലീസ് പറയുന്നത്.

ഇയാളുടെ രീതിയെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഇയാള്‍ വിവിധ വെബ്‌സൈറ്റുകളില്‍ വ്യത്യാസ്ത പേരുകളില്‍ രജിസ്റ്റര്‍ ചെയ്യും. തുടര്‍ന്ന് യുവതികളെ പരിചയപ്പെടും. 'അക്ഷയ ദീപ് മീഡിയ ഹൗസ്' മേധാവിയാണെന്നും പറഞ്ഞാണ് ഇയാള്‍ പല യുവതിയെകളെയും വലയിലാക്കിയത്. ഇവരില്‍ ഏറെയും ഉന്നത കുടുംബത്തില്‍പെട്ടവരുമാണ്. 

ഇത്തരത്തില്‍ വസിഷ്ഠ ഒരു യുവതിയോട് അടുപ്പമായി,തന്‍റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലെന്നും തനിക്ക് ബന്ധുക്കള്‍ ആരുമില്ലെന്നും വസിഷ്ഠ് യുവതിയുടെ കുടുംബത്തോട് പറഞ്ഞു. ഇയാളുടെ വാചകമടിയില്‍ വീണുപോയ കുടുംബം മാര്‍ച്ചില്‍ യുവതിയുമായുള്ള വിവാഹവും നടത്തി. രണ്ട് ആഴ്ചയോളം യുവതിക്കൊപ്പം കഴിഞ്ഞശേഷം വസിഷ്ഠ് ഒളിവില്‍ പോവുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന പണവും സ്വര്‍ണവും എടുത്തുകൊണ്ടാണ് ഇയാള്‍ കടന്നുകളഞ്ഞത്. വീട്ടുകാരുടെ പരാതിയില്‍ കോടതി ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. 

വിവിധ ചാനലുകളില്‍ ഇയാള്‍ ജോലി ചെയ്തിട്ടുണ്ടെന്നാണ് ഇയാള്‍ അവകാശപ്പെടുന്നതെന്ന് പോലീസ് പറയുന്നു. 2012ല്‍ ആചാര്യ അതുല്‍ ജി മഹാരാജ് എന്ന പേരില്‍  സാധന മീഡിയ ചാനലില്‍ ജ്യോതിശാസ്ത്രജ്ഞനായി പ്രവര്‍ത്തിച്ചിരുന്നു. ഇയാളുടെ തട്ടിപ്പ് ബോധ്യപ്പെട്ട ചാനല്‍ ഇയാളെ പറഞ്ഞുവിടുകയായിരുന്നു.

2016ല്‍ വസ്തു ഇടപാടില്‍ ഒരു ബിസിനസുകാരനെ വഞ്ചിക്കാന്‍ ശ്രമിച്ച കേസില്‍ ചണ്ഡിഗഢില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ഇതിനു ശേഷമാണ് വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാക്കിയ വിവാഹ തട്ടിപ്പ് നടത്തിവന്നത്. താന്‍ അതിസമ്പന്നനായ അവിവാഹിതനായ ബിസിനസുകാരനാണെന്നും സ്വന്തമായി ബി.എംഡബ്ല്യൂ കാറും ഗുഡ്ഗാവില്‍ വീടും ഉണ്ടെന്നും വാര്‍ഷിക വരുമാനം 20-25 ലക്ഷം രൂപയാണെന്നുമാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. 

തട്ടിപ്പ് പരമ്പരയുമായി മുന്നോട്ടുപോകുന്നതിനിടെ ഡല്‍ഹി തലസ്ഥാന നഗരിയില്‍ നിന്നും ഹരിദ്വാരിലേക്ക് താമസം മാറ്റി. മാധ്യമസ്ഥാപനത്തിന്‍റെ മേധാവി എന്ന നിലയിലാണ് ഇവിടെ കഴിഞ്ഞിരുന്നത്.

click me!