
ഇടുക്കി: മണ്ണിടിഞ്ഞ് അപകട ഭീഷണിയിലായ സ്കൂളിൽ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് അധ്യയനം. ഇടുക്കി രാജമുടിയിലെ ഡി പോൾ ഹയർസെക്കന്‍ഡറി സ്കൂളിലാണ് കുട്ടികളുടെ ജീവന് പുല്ലുവില നൽകി ക്ലാസെടുത്തത്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ തടഞ്ഞ് വച്ച് ഐഡി കാർഡുകൾ തട്ടിപ്പറിക്കാന് സ്കൂൾ അധികൃതർ ശ്രമിക്കുകയും ചെയ്തു.
കഴിഞ്ഞ പതിനെട്ടിനുണ്ടായ മണ്ണിടിച്ചിലിലാണ് ഡി പോൾ സ്കൂള്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം ഇരുന്നുപോയത്. ഇതിനൊപ്പം സംരക്ഷണ ഭിത്തിയും സമീപത്തുള്ള വീടും പൂർണ്ണമായും തകര്‍ന്നു. പ്രദേശത്തെ ഭൂമി വലിയ തോതിൽ വിണ്ടുകീറി. ഇതേത്തുടര്‍ന്ന് ഫിറ്റ്നസ് റിപ്പോർട്ട് സമർപ്പിച്ച ശേഷമേ ക്ലാസ് തുടങ്ങാൻ പാടുള്ളൂവെന്ന് കാണിച്ച് വാത്തിക്കുടി പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു.
എന്നാല്‍, പഞ്ചായത്ത് നോട്ടീസിനെ കാറ്റില്‍പ്പറത്തിയാണ് സ്കൂള്‍ അധികൃതര്‍ ക്ലാസെടുത്തത്. കെട്ടിടത്തിന്‍റെ അറ്റകുറ്റപണി പൂര്‍ത്തിയാക്കാതെ ക്ലാസ് തുടങ്ങിയതില്‍ ആശങ്ക അറിയിച്ചവക്കെതിരെ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ബിജോയ് കിഴക്കേത്തോട്ടം തട്ടിക്കയറിയെന്നും രക്ഷിതാക്കള്‍ പറയുന്നു.
ഫിറ്റ്നസില്ലാത്ത സ്കൂളില്‍ അധ്യയനം നടത്തുന്നതിനെതിരെ നടപടി എടുക്കാന്‍ പഞ്ചായത്ത് നിര്‍ദേശം നല്‍കിയിട്ടും പൊലീസ് തയ്യാറായില്ലെന്നും പരാതിയുണ്ട്. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ സ്കൂൾ വൈസ് പ്രിന്സിപ്പല്‍ ഫാ. ടോണിയുടെ നേതൃത്വത്തിലുള്ള ഒരുകൂട്ടം ആളുകൾ തടഞ്ഞ് നിര്‍ത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam