വനിതാ മതിലിന് നേരെയുള്ള ആക്രമണം: പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍

By Asianet MalayalamFirst Published Jan 3, 2019, 1:34 AM IST
Highlights

 സായുധ സജ്ജരായെത്തിയ അമ്പതോളം പൊലീസുകാർ ചേർന്ന് പ്രതികള്‍ക്കായി ചേറ്റുകുണ്ട് കോളനിയിൽ പരിശോധന നടത്തി. സംഘടിച്ചെത്തിയ സ്ത്രീകൾ ആദ്യം പൊലീസിനെ തടഞ്ഞെങ്കിലും പിന്നീട് പിന്മാറി.

കാസര്‍ഗോഡ്: വനിതാ മതിലിനുനേരെ ആക്രമണം ഉണ്ടായ കാസർഗോഡ് ചേറ്റുകുണ്ടിൽ പ്രതികൾക്കായി വ്യാപക തിരച്ചിൽ. അയ്യപ്പഭക്തരെ പ്രകോപിപ്പിച്ചതാണ് സംഘർഷത്തിന് കാരണമെന്നും അക്രമണം തടയുന്നതിൽ പൊലീസ് ഇടപെട്ടില്ലെന്നുമാണ് ബിജെപിയുടെ ആരോപണം. .

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മേഖലയിൽ പൊലീസ് കനത്ത  സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സായുധ സജ്ജരായെത്തിയ അമ്പതോളം പൊലീസുകാർ ചേർന്ന് പ്രതികള്‍ക്കായി ചേറ്റുകുണ്ട് കോളനിയിൽ പരിശോധന നടത്തി. പൊലീസ് തിരച്ചിലിനെതിരെ സംഘടിച്ചെത്തിയ സ്ത്രീകൾ ആദ്യം തടഞ്ഞെങ്കിലും പിന്നീട് പിന്മാറി.

അക്രമസംഭവങ്ങളില്‍ കണ്ടാലറിയുന്ന ഇരുനൂറ് പേർക്കെതിരെയാണ് കേസുള്ളത്. നാലു ഭാഗങ്ങളിലായി തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. അതിനിടെ ബിജെപി നേതാവ് സി.കെ.പത്മനാഭന്റെ നേതൃത്വത്തിൽ ബി.ജെ.പി സംഘം സംഭവസ്ഥലത്ത് സന്ദ‌ർശനം നടത്തി. അതേസമയം സംഘർഷത്തിന് പിറകിൽ കൃത്യമായ ആസൂത്രണം ഉണ്ടെന്നും പൊലീസിനെ കുറ്റം പറയാനാവില്ലെന്നുമാണ് സിപിഎം പറയുന്നത്
അക്രമത്തിൽ സാരമായി പരിക്കേറ്റ രണ്ടു പേർ ഇപ്പോഴും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചേറ്റുകുണ്ടിലടക്കം ജില്ലയുടെ വിവിധഭാഗങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

click me!