
കണ്ണൂര്‍: മാവോയിസ്റ്റുകള്‍ക്കായി വനത്തില്‍ തെരച്ചില്‍ ശക്തമാക്കുമെന്ന് കണ്ണൂര്‍ എസ്പി ജി ശിവവിക്രം. ഇതിനായി കര്‍ണാടക, തമിഴ്നാട് പൊലീസിന്‍റെ സഹായം തേടുമെന്നും എസ്പി ജി ശിവവിക്രം പറഞ്ഞു. മുഴുവൻ സേന സംവിധാനവും ഉപയോഗിച്ചാകും പരിശോധനകൾ.
കണ്ണൂരിലെ അമ്പായത്തോട് കണ്ട മാവോയിസ്റ്റുകളെ പിടികൂടുന്നതിനായി പാലക്കാട് ജില്ലാ പോലീസ് മേധാവി ദെബേഷ് കുമാര്‍ ബെഹറ, വയനാട് ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസ്വാമി, കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ജി ശിവവിക്രം എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു.
ഇന്നലെയാണ് കണ്ണൂര്‍ അമ്പായത്തോട് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ തോക്കുകളേന്തി പ്രകടനം നടത്തിയത്. പൊലീസ് വർഷങ്ങളായി തിരയുന്ന മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത് എന്നാണ് വിവരം. രാമു, കീർത്തി എന്ന കവിത എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് മലപ്പുറത്തും മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
വനിതാ മതിൽ വർഗീയ മതിലാണെന്നാണ് പോസ്റ്ററിലെ ആക്ഷേപം. ശബരിമല ദർശനത്തിന് എത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകുകയായിരുന്നു സർക്കാർ ചെയ്യേണ്ടതെന്നും സ്ത്രീകളെ തടയുന്ന ആര്‍എസ്എസിന് പഴഞ്ചൻ ചിന്താഗതിയെന്നും പോസ്റ്ററിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam