യുവതികള്‍ക്ക് മല ചവിട്ടാന്‍ സുരക്ഷ നല്‍കാനാകില്ലെന്ന് പൊലീസ്; സ്വയം പിന്മാറില്ലെന്ന് ശെല്‍വി

By Web TeamFirst Published Dec 23, 2018, 11:21 AM IST
Highlights

മനിതി സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോകില്ല. സുരക്ഷയൊരുക്കുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇങ്ങനെയൊരു നിലപാടിലേക്ക് എത്തിയിരിക്കുന്നത്. 

തിരുവനന്തപുരം: മനിതി സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോകില്ല. സുരക്ഷയൊരുക്കുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇങ്ങനെയൊരു നിലപാടിലേക്ക് എത്തിയിരിക്കുന്നത്. വന്‍ ഭക്ത ജനത്തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷാ വലയത്തില്‍ യുവതികളെ കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും പൊലീസ് നിലപാടെടുക്കുന്നു. ഉന്നതതലത്തിലടക്കം ആലോചിച്ച ശേഷം ഇക്കാര്യം മനിതി അംഗങ്ങളെ അറിയച്ചതായാണ് ലഭിക്കുന്ന വിവരം.

തിക്കിലും തിരക്കിലും പെട്ട് വലിയ അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. കൂടുതല്‍ ഭക്തജനങ്ങള്‍ എത്തുന്ന സാഹചര്യത്തില്‍ പ്രതിഷേധം ശക്തമായേക്കും തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇത്തരമൊരു നിലപാടിലേക്ക് എത്തിയിരിക്കുന്നത്. അതേസമയം തിരിച്ചുപോകണമെന്നും മനിതി സംഘത്തോട് ആവശ്യപ്പെടില്ല.  മണിക്കൂറകള്‍ക്ക് ശേഷം മനിതിസംഘം സ്വയം പിന്മാറുമെന്ന പ്രതീക്ഷയിലാണ് പൊലീസ് നിലകൊള്ളുന്നത്.

അതേസമയം ഔദ്യോഗികമായി അറിയിക്കാതെ  സ്വയം പിന്മാറില്ലെന്ന് മനിതി സംഘം നേതാവ് ശെല്‍വി പ്രതികരിച്ചു. കഴിയില്ലെന്ന് പൊലീസ് അറിയിച്ചാല്‍ തിരിച്ച് പോയി മറ്റൊരു ദിവസം എത്തും. മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം പിന്നീട് വീണ്ടും എത്തും. തന്‍റെ ഭരണഘടനാപരമായ അവകാശമാണിതെന്നും, പൊലീസിന്‍റെ നിലപാട് ഇരട്ടത്താപ്പാണെന്നും അവര്‍ പറഞ്ഞു. പൊലീസ് നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ശെല്‍വി പ്രതികരിച്ചു.

click me!