ബിജെപിയില്‍ സീറ്റ് ലഭിച്ചില്ല; കോണ്‍ഗ്രസിലേക്ക് ചുവട് മാറി സ്ഥാനാര്‍ഥിയായി മുന്‍ കേന്ദ്ര മന്ത്രി

By Web TeamFirst Published Nov 8, 2018, 11:49 PM IST
Highlights

 തന്‍റെ മണ്ഡലത്തില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ തീരുമാനിച്ചതോടൊണ് സര്‍താജിന്‍റെ ചുവടുമാറ്റം. പാര്‍ട്ടി വിട്ട് അധികം മണിക്കൂറുകള്‍ പിന്നിടുന്നതിന് മുമ്പ് കോണ്‍ഗ്രസ് അദ്ദേഹത്തെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു

ഭോപ്പാല്‍: ബിജെപിയില്‍ സീറ്റ് ലഭിക്കാതായതോടെ മുന്‍ കേന്ദ്രമന്ത്രി രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മധ്യപ്രദേശിലെ മുതിര്‍ന്ന നേതാവും വാജ്പേയ് മന്ത്രിസഭയിലെ ആരോഗ്യ മന്ത്രിയുമായിരുന്ന സര്‍താജ് സിംഗ് ആണ് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തി സ്ഥാനാര്‍ഥിയായത്.

മധ്യപ്രദേശ് സര്‍ക്കാരിലും അദ്ദേഹം മുന്‍പ് മന്ത്രിയായിരുന്നിട്ടുണ്ട്. എന്നാല്‍, 75 വയസ് പ്രായപരിധിയുള്ളവരെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്ന തീരുമാനം പാര്‍ട്ടി കെെക്കൊണ്ടതോടെ 2016ല്‍ അദ്ദേഹത്തിന് രാജിവെയ്ക്കേണ്ടി വന്നു.

ഇതോടെ  ഇത്തവണ സ്ഥാനാര്‍ഥി പട്ടികയിലും സര്‍താജിനെ ഉള്‍പ്പെടുത്തിയില്ല. തന്‍റെ മണ്ഡലത്തില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ തീരുമാനിച്ചതോടൊണ് സര്‍താജിന്‍റെ ചുവടുമാറ്റം. പാര്‍ട്ടി വിട്ട് അധികം മണിക്കൂറുകള്‍ പിന്നിടുന്നതിന് മുമ്പ് കോണ്‍ഗ്രസ് അദ്ദേഹത്തെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.

1998ല്‍ കോണ്‍ഗ്രസിന്‍റെ ശക്തനായ നേതാവായിരുന്ന അര്‍ജുന്‍ സിംഗിനെ പരാജയപ്പെടുത്തിയാണ് സര്‍താജ് ലോക്സഭയില്‍ എത്തിയത്. ഗ്രാമീണ മേഖലയിലെ ശക്തനായ നേതാവായ സര്‍താജിന്‍റെ അടവുമാറ്റം ബിജെപിയെ ബാധിക്കുമെന്നാണ് പൊതു വിലയിരുത്തല്‍.

click me!