അധികാരത്തിലെത്തിയാല്‍ ഹെെദരാബാദിന്‍റെ പേര് ഭാഗ്യനഗര്‍ എന്ന് മാറ്റും: ബിജെപി എംഎല്‍എ

By Web TeamFirst Published Nov 8, 2018, 10:52 PM IST
Highlights

ഹെെദരാബാദിന്‍റെ മാത്രമല്ല, സെക്കന്ദരാബാദിന്‍റെയും കരീംനഗറിന്‍റെയും കൂടെ പേരുകള്‍ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു

ഹെെദരാബാദ്: തെലങ്കാനയില്‍ അധികാരത്തിലെത്തിയാല്‍ ഹെെദരാബാദിന്‍റെ പേര് മാറ്റുമെന്ന് ബിജെപി എംഎല്‍എ. തലസ്ഥാന നഗരിയായ ഹെെദരബാദിന്‍റെ പേര് ഭാഗ്യനഗര്‍ എന്നാക്കുമെന്ന് ഗോഷാമഹല്‍ മണ്ഡലത്തിലെ എംഎല്‍എയായ രാജ സിംഗ് ആണ് അവകാശപ്പെട്ടത്.  

ഹെെദരാബാദിന്‍റെ മാത്രമല്ല, സെക്കന്ദരാബാദിന്‍റെയും കരീംനഗറിന്‍റെയും കൂടെ പേരുകള്‍ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഹെെദരാബാദിന്‍റെ പേര് ഭാഗ്യനഗര്‍ എന്നായിരുന്നുവെന്ന് ബിജെപി എംഎല്‍എ പറഞ്ഞു. 1590ല്‍ ഖുലി കുത്തബ് ഷാ എത്തിയതോടെയാണ് ഭാഗ്യനഗര്‍ ഹെെദരാബാദ് ആയത്.

ആ സമയത്ത് ഒരുപാട് ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ഒരുപാട് ഹിന്ദുക്കളെ കൊല്ലുകയും ചെയ്തിട്ടുണ്ട്. തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ വരിക എന്നുള്ളതാണ് ഞങ്ങളുടെ ആദ്യ ലക്ഷ്യം. രണ്ടാമതായി ഹെെദരാബാദിന്‍റെ പേര് മാറ്റുക എന്നുള്ളതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ഉത്തര്‍പ്രദേശില്‍ അലഹബാദിന്‍റെ പേര് പ്രയാഗ്‍രാജ് എന്നും ഫെെസാബാദിന്‍റെ പേര് അയോധ്യ എന്നുമാണ് യോദി ആദിത്യനാഥ് സര്‍ക്കാര്‍ മാറ്റിയത്. ഇതിന് പിന്നാലെ ഗുജറാത്തില്‍ അഹമ്മദാബാദിന്‍റെ പേര് കര്‍ണാവതി എന്നാക്കാന്‍ ആലോചിക്കുന്നതായി ബിജെപി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

മഹാരാഷ്‍ട്രയിലും നഗരങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യം ഉയരുന്നുണ്ട്. ശിവസേനയാണ് നഗരങ്ങളുടെ പേരുകള്‍ മാറ്റണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. ഔറംഗബാദിന്‍റെ പേര് സംഭാജിനഗര്‍ എന്നും ഒസ്മാനാബാദിന്‍റെ പേര് ധരശിവ് എന്നുമാക്കണമെന്നാണ് ശിവസേനയുടെ ആവശ്യം.

click me!