
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എകെ ആന്‍റണി. 21 വര്‍ഷം മുൻപ് കേരള രാഷ്ട്രീയത്തില്‍ നിന്ന് പിൻവാങ്ങിയതാണെന്നും ഇങ്ങനെയൊരു കൂടിക്കാഴ്ച പ്രതീക്ഷിച്ചതല്ലെന്നു ഏകപക്ഷീയമായ ആക്രമണം നേരിട്ടപ്പോള്‍ പ്രതികരിക്കണമെന്ന് തോന്നിയെന്നും എ കെ ആന്‍റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജീവിച്ചിരുന്നാൽ നിയമസഭാ തെരഞ്ഞെടുപ് കഴിഞ്ഞ് മറുപടി പറയാമെന്നാണ് കരുതിയത്. എന്നാൽ ഇപ്പോൾ മറുപടി പറയേണ്ടി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്നത് ശ്രീനാരായണ ഗുരുദേവനെയാണ്. തന്റെ അഭ്യർഥന മാനിച്ചാണ് ചേർത്തല സ്കൂളിന്റെ പേര് ശ്രീനാരായണ ഹൈസ്കൂൾ എന്ന് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തനിക്ക് ഏറ്റവും വേദനയുണ്ടാക്കിയ കാര്യം 1995 ൽ ശിവഗിരിയിൽ നടന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം പൊലീസിനെ അയക്കേണ്ടി വന്നുവെന്നും നടന്ന സംഭവങ്ങൾ നിർഭാഗ്യകരമാണെന്നും എകെ ആന്‍റണി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
അധികാര കൈമാറ്റം നടത്തിയിരിക്കണം എന്ന് കോടതി ഉത്തരവിട്ടു. എല്ലാ നടപടിയും പൊലീസ് എടുക്കണം എന്ന് കോടതി നിർദേശിച്ചു. കോടതി ഉത്തരവ് വന്നയുടനെ അല്ല പൊലീസ് പോയത്. പ്രകാശാനന്ദയ്ക്ക് ചുമതല കെമാറാൻ ശാശ്വതീകാനന്ദയും കൂട്ടരും തയ്യാറായില്ല. ശിവഗിരി കാവിവത്കരിക്കുമെന്ന് വാദിച്ചു. കീഴ്കോടതി വിധികൾ പ്രകാശാനന്ദയ്ക്ക് അനുകൂലമായിരുന്നു. ഹൈക്കോടതി വിധിയുമായി 2 തവണ പോയിട്ടും അധികാര കൈമാറ്റം നടന്നില്ല. മൂന്നാം വട്ടം കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്ന് കോടതി പറഞ്ഞു.
മുത്തങ്ങ സംഭവത്തിൽ അതിയായ ഖേദം
മുത്തങ്ങ സംഭവത്തിൽ അതിയായ ഖേദമുണ്ടെന്നും എ കെ ആന്‍റണി പറഞ്ഞു. ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് താനാണ്. എന്നിട്ടും ആദിവാസികളെ ചുട്ടുകരിച്ചെന്ന് പഴികേട്ടു. മുത്തങ്ങ വന്യജീവി സങ്കേതമാണ്. അവിടെ കുടിൽ കെട്ടിയപ്പോൾ എല്ലാ പാർട്ടികളും മാധ്യമങ്ങളും അവരെ ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് നിലപാട് മാറി. സിബിഐ അന്വേഷണ റിപ്പോർട്ട് ആരെയാണ് കുറ്റപ്പെടുത്തിയതെന്ന് ചോദിച്ച എ കെ ആന്‍റണി അത് പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടു. 3 ദിവസം കേന്ദ്രം കത്ത് നൽകി. അവരുടെ താക്കീതിന് ശേഷമാണ് നടപടിയെടുത്തതെന്നും എകെ ആന്‍റണി പറഞ്ഞു. ഇറക്കി വിട്ടത് തെറ്റെങ്കിൽ ഏതെങ്കിലും സർക്കാർ അവിടെ ഭൂമി കൊടുക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എനിക്ക് മാത്രം പഴിയെന്നും അദ്ദേഹം വിമര്‍ശിച്ചു. താൻ ദില്ലിയിൽ പോയതോടെ മറുപടി പറയാൻ ആരും ഇല്ലാതെയായി.
കെ. ഗോപിനാഥന്റെ ആത്മകഥയിൽ വിവാദത്തിന് താനില്ലെന്നും എകെ ആന്‍റണി വ്യക്തമാക്കി. തന്റെ ഇമേജിന് വേണ്ടിയല്ല വാർത്താ സമ്മേളനം നടത്തുന്നത്. മറ്റു വിവാദ വിഷയങ്ങളിലേയ്ക്ക് താനില്ല. കോൺഗ്രസ് ഉയരങ്ങളിലേയ്ക്ക് പോവുകയാണ്. എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും നേതാവ് രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ പൊലീസ് നടപടികളിലും ദുഃഖമുണ്ട്. ജീവിതത്തിൽ ശരിയും തെറ്റുകളും ഉണ്ടായിട്ടുണ്ട്. കണക്ക് എടുക്കേണ്ട സമയമാണ്. ഒഴിവാക്കാൻ പരമാവധി ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. താൻ ഗ്രൂപ്പ് രാഷ്ടീയം ഉപേഷിച്ചിട്ട് കാൽ നൂറ്റാണ്ടായി എന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ മുഖ്യമന്ത്രി എകെ ആന്‍റണി വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്.