സയ്നൈഡ് മോഹനന്‍റെ കൊടും ക്രൂരതകള്‍

By Web DeskFirst Published Sep 16, 2017, 2:51 PM IST
Highlights

മംഗലാപുരം: കൊടും കുറ്റവാളി സയ്നൈഡ് മോഹനന്‍റെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പുട്ടൂര്‍ സ്വദേശിയായ 20 കാരിയെ കൊലപ്പെടുത്തിയ കേസിലാണ് അഡീഷണല്‍ ജില്ലാ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ബണ്ട്വാള്‍ കന്യാനയിലെ കായികാദ്ധ്യാപകനായ സയനൈയ് മോഹന്‍ എന്ന മോഹന്‍ കുമാര്‍ ദരിദ്രകുടുംബത്തിലെ അംഗമായ യുവതിയുമായി അടുപ്പമുണ്ടാക്കുകയും ജോലി വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ട് പോവുകയുമായിരുന്നു. തുടര്‍ന്ന് ലോഡ്ജില്‍ താമസിപ്പിച്ച് പീഡിപ്പിക്കുകയും പിന്നീട്  സയ്നൈഡ് നല്‍കി കൊലപ്പെടുത്തുകയുമായിരുന്നു. 

നാലു മലയാളികളെയടക്കം 20 യുവതികളെ പീഡിപ്പിച്ച സയ്നൈഡ് മോഹനെ ഒരു കേസില്‍ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു. മംഗലാപുരം നാലാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ബണ്ട്വാള്‍ കന്യാനയിലെ കായികാദ്ധ്യാപകനായ സയ്നൈഡ് മോഹന്‍ എന്ന മോഹന്‍ കുമാറിന് ശിക്ഷ വിധിച്ചത്. അമ്പലത്തില്‍ പോയി താലി കെട്ടിയ ശേഷം ഹോട്ടലില്‍ മുറിയെടുത്ത് ശാരീരിക ബന്ധത്തിലേര്‍പ്പെടും. തുടര്‍ന്ന് ഗര്‍ഭനിരോധന ഗുളികയാണെന്നു പറഞ്ഞ് സയ്നൈഡ് നല്‍കി കൊലപ്പെടുത്തും. 

മരണം ഉറപ്പാക്കിയാല്‍ സ്വര്‍ണവും പണവും സ്വന്തമാക്കി നാടുവിടും അതായിരുന്നു ഇയാളുടെ രീതി. ദക്ഷിണ കന്നട, മടിക്കേരി, ഹാസന്‍, ബാംഗ്ലൂര്‍, മൈസൂര്‍, കേരളത്തില്‍ കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍ വ്യാപിച്ചിരുന്നു ഇയാളുടെ തട്ടിപ്പ്. 2009 ഒക്ടോബര്‍ 21നാണ് മോഹന്‍കുമാര്‍ പൊലീസ് പിടിയിലാകുന്നത്. 

വിനുത, ശാരദ, ശശികല, ബേബി നായിക്ക്, അനിത, ഹേമ, വിജയ ലക്ഷ്മി, യശോദ, പുഷ്പ, സുനന്ദ.. അങ്ങനെ ഇയാളുടെ ഇരകളാവരുടെ പട്ടിക നീളുന്നു. പെണ്‍കുട്ടികളെ സ്‌നേഹം നടിച്ച് വശീകരിച്ച് കൊണ്ട് പോകും. തുടര്‍ന്ന് ലോഡ്ജില്‍ മുറിയെടുത്ത് ഭാര്യാ-ഭര്‍ത്താക്കന്മാര്‍ എന്ന നിലയില്‍ താമസിക്കും. ലോഡ്ജില്‍ നിന്നും പോയാല്‍ അടുത്ത ബസ്സ്റ്റാന്‍ഡിലെ മൂത്രപ്പുരയില്‍ പോയി ഗര്‍ഭനിരോധന ഗുളികയാണെന്നും മൂത്രശങ്കയുണ്ടാകുമെന്നും ഇത് കഴിച്ചിട്ട് അത് തീര്‍ത്ത് വരാനും പറയും. 

എന്നാല്‍ മൂത്രപ്പുരയില്‍ പോകുന്ന പെണ്‍കുട്ടികള്‍ ഇയാള്‍ നല്‍കുന്ന സയനൈഡ് കഴിച്ച് അവിടെ തന്നെ മരിച്ചു വീഴും. ഈ സമയം പെണ്‍കുട്ടികള്‍ കൊണ്ടു വരുന്ന പണവും സ്വര്‍ണ്ണവുമായി ഇയാള്‍ മുങ്ങുകയും ചെയ്യും. മോഹന്‍ കുമാറിനെതിരെ സാക്ഷികളെ കണ്ടെത്താനാണ് പൊലിസ് പാടുപെട്ടത്, അവസാനം മോഹന്‍ കുമാറിന്‍റെ മരണ വലയില്‍ നിന്നും കഷ്ടിച്ചു രക്ഷപെട്ട ഒരു ഇരയെ പൊലീസ് കേസില്‍ സാക്ഷിയാക്കി. വിവാഹം വാഗ്ദാനം ചെയ്ത്, പ്രലോഭിപ്പിച്ച് മടിക്കേരിയിലെ ഒരു ലോഡ്ജിലെത്തിച്ച ആ യുവതിയെ മോഹന്‍ കുമാര്‍ ഉപയോഗിച്ചു. പതിവു പോലെ ബസ്റ്റാന്‍ഡില്‍ എത്തിച്ച ശേഷം ഗുളിക നല്‍കി, സ്റ്റാന്‍ഡിലെ മൂത്രപ്പുരയിലേക്ക് പറഞ്ഞു വിട്ടു. 

എന്നാല്‍ ഗുളിക വിഴുങ്ങുന്നതിനു പകരം അവള്‍ അതിലൊന്നു നക്കുക മാത്രമേ ചെയ്തുള്ളു. ഉടന്‍ നിലത്തു വീണു. എന്നാല്‍ ഭാഗ്യവശാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കപ്പെട്ട അവള്‍ രക്ഷപെട്ടു. ആത്മഹത്യാ ശ്രമം എന്നായിരുന്നു ആശുപത്രിയില്‍ യുവതി പറഞ്ഞിരുന്നത്. തുടര്‍ന്ന് ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ നാട്ടില്‍ തിരികെയെത്തി. മൂന്നു മാസങ്ങള്‍ക്കു ശേഷം അവളുടെ വിവാഹവും നടന്നു. കേസിന്റെ പ്രധാന്യം ബോധ്യപ്പെടുത്തിയതോടെ മോഹന്‍ കുമാറിനെതിരെ മൊഴി നല്‍കാന്‍ യുവതി തയ്യാറായി. 

തുടര്‍ന്ന് മോഹന്‍ കുമാറിനു സയനൈഡ് നല്‍കുന്ന ആളെ പൊലീസ് കണ്ടെത്തി. അബ്ദുള്‍ സലാം എന്നൊരു കെമിക്കല്‍ ഡീലറായിരുന്നു അത്. മോഹന്‍ കുമാര്‍ ഒരു സ്വര്‍ണ വ്യാപാരി ആയിട്ടാണു താനുമായി ഇടപാടു നടത്തിയതെന്നു പറഞ്ഞു. സ്വര്‍ണവ്യവസായത്തിലെ പ്രധാന ഘടകമാണു പൊട്ടാസ്യം സയനൈഡ്. എന്നാല്‍ പൊട്ടാസ്യം സയനൈഡ് വില്‍ക്കാന്‍ അബ്ദുല്‍ സലാമിനു ലൈസന്‍സ് ഇല്ലായിരുന്നു. 

എന്തായാലും പൊലീസ് അയാളെ കേസില്‍ മാപ്പു സാക്ഷിയാക്കി. മംഗലാപുരം അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിലെ ഈശ്വര്‍ ഭട്ട് എന്നൊരു പുരോഹിതനായിരുന്നു മറ്റൊരു സാക്ഷി. ഒരാള്‍ ഒരു പാപപരിഹാര പൂജ ചെയ്യുവാന്‍ ആവശ്യപ്പെട്ടിരുന്നു. താന്‍ അറിയാതെ ഒരു സ്ത്രീയെ കൊലപ്പെടുത്തിയെന്നും അതിനുള്ള പരിഹാര പൂജകള്‍ ചെയ്തു തരണമെന്നുമാണു അയാള്‍ അപേക്ഷിച്ചത്. ആദ്യമൊന്നു മടിച്ചെങ്കിലും പിന്നെ ഭട്ട് പൂജ ചെയ്തുകൊടുത്തു. പിന്നീട് മോഹന്‍ കുമാറിന്റെ അറസ്റ്റിനു ശേഷം ചിത്രങ്ങള്‍ പുറത്തു വന്നപ്പോഴാണു, തന്റെ മുന്നില്‍ പൂജയ്ക്കു വന്നയാള്‍ ഇയാള്‍ തന്നെയെന്നു ഭട്ടിനു മനസ്സിലായത്. ഭട്ട് നേരിട്ട് പൊലീസിനെ വിവരം അറിയിയ്ക്കുകയായിരുന്നു. പ്രധാനപ്പെട്ട ഈ മൂന്നു സാക്ഷികളോടൊപ്പം മറ്റ് 46 സാക്ഷികളെയും കൂടി പൊലീസ് ഉള്‍പ്പെടുത്തുകയായിരുന്നു.

മോഹന്‍ കുമാര്‍ തന്‍റെ കേസ് സ്വയം വാദിയ്ക്കാനാണു തീരുമാനിച്ചത്. താന്‍ ഇരകള്‍ക്ക് സയനൈഡ് നല്‍കി കൊലപ്പെടുത്തി എന്നതിനു കൃത്യമായ തെളിവുകളൊന്നുമില്ല എന്നാണു അയാള്‍ വാദിച്ചത്. എന്നാല്‍ അബ്ദുള്‍ സലാമിന്റെ മൊഴി നിര്‍ണായകമായ ഒരു തെളിവായിരുന്നു. മോഹന്‍ കുമാറിന്റെ മരണവലയില്‍ നിന്നും രക്ഷപെട്ട യുവതി വീഡിയൊ കോണ്‍ഫറന്‍സിംഗ് വഴി രഹസ്യമായാണു സാക്ഷി മൊഴി നല്‍കിയത്. 

യുവതികളുടെ മരണത്തോടനുബന്ധിച്ച ദിവസങ്ങളില്‍ ഒന്നും മോഹന്‍ കുമാര്‍ താന്‍ ജോലി ചെയ്യുന്ന സ്‌കൂളില്‍ ഹാജരില്ലായിരുന്നു എന്നതും അയാള്‍ക്കെതിരെ നിര്‍ണായകമായ തെളിവായി. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും വൃദ്ധരായ മാതാപിതാക്കള്‍ക്ക് താന്‍ മാത്രമേ ആശ്രയമുള്ളു എന്നും മോഹന്‍ കുമാര്‍ തന്നെ വെറുതെ വിടണമെന്നും മോഹന്‍ കുമാര്‍ അപേക്ഷിച്ചു. 

2013 ഡിസംബര്‍ 17 നു, അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ബി കെ നായക്, അനിത, ലീലാവതി സുനന്ദ എന്നിവരുടെ കേസില്‍ മോഹന്‍ കുമാര്‍ കുറ്റക്കാരനെന്നു കണ്ടെത്തുകയായിരുന്നു.

click me!