കേന്ദ്രസര്‍ക്കാരിന് തിരിച്ചടി: സിബിഐ മേധാവിയെ മാറ്റിയ നടപടി സുപ്രീംകോടതി റദ്ദാക്കി

By Web TeamFirst Published Jan 8, 2019, 10:55 AM IST
Highlights

 2018 ഒക്ടോബര്‍ 24 അര്‍ധരാത്രിയില്‍ അപ്രതീക്ഷിത ഉത്തരവിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ അലോക് വര്‍മയെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയത്. 

ദില്ലി: സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കി. സര്‍ക്കാര്‍ നടപടിക്കെതിരെ അലോക് വര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. അതേസമയം സിബിഐയെ സംബന്ധിച്ച നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും അലോക് വര്‍മ്മയെ കോടതി വിലക്കിയിട്ടുണ്ട്.  

പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ചീഫ് ജസ്റ്റിസും അടങ്ങിയ ഉന്നതാധികാര സമിതിയാണ് സിബിഐ ഡയറക്ടറെ നിശ്ചയിക്കുന്നത്. അലോക് വര്‍മയെ സിബിഐ മേധാവി സ്ഥാനത്ത് നിലനിര്‍ത്തുന്നത് സംബന്ധിച്ച കാര്യത്തിലും ഈ സമിതി തന്നെ അന്തിമ തീരുമാനം എടുക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ ഉന്നതാധികാര സമിതി തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി വിധിയില്‍ പറഞ്ഞിട്ടുണ്ട്. സിബിഐ മേധാവി സ്ഥാനത്ത് 2019 ജനുവരി 31 വരെയാണ് അലോക് വര്‍മയുടെ കാലാവധി. 

 2018 ഒക്ടോബര്‍ 24 അര്‍ധരാത്രിയില്‍ അപ്രതീക്ഷിത ഉത്തരവിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ അലോക് വര്‍മയെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയത്. സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയും ഉപ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരെയും ചുമതലകളിൽ നിന്ന് കേന്ദ്ര സര്‍ക്കാര്‍ നീക്കിയത്. ഈ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അലോക് വര്‍മ്മയുടെ ഹര്‍ജി.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. ചൊവ്വാഴ്ച്ച  ചീഫ് ജസ്റ്റിസ്  അവധിയായതിനാല്‍ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളാണ് വിധി പ്രസ്താവിച്ചത്.

അലോക് വര്‍മ്മക്കെതിരെ രാകേഷ് അസ്താന നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ സിവിസി അതിന്‍റെ റിപ്പോര്‍ട്ട് കോടതിയിൽ നൽകിയിരുന്നു. അലോക് വര്‍മ്മക്ക് ക്ളീൻ ചിറ്റ് നൽകാതെയുളള റിപ്പോര്‍ട്ടാണ് സിവിസി നൽകിയത്. സിബിഐ ഡയറക്ടറെ മാറ്റിയത് റഫാൽ ഇടപാടിലെ അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയതോടെ വിവാദം ദേശീയരാഷ്ട്രീയത്തെ ഇളക്കിമറിച്ചിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സിബിഐയുടെ മേല്‍നോട്ടം വഹിക്കുന്ന പ്രധാനമന്ത്രിയുടെ ഓഫീസിനെ നേരിട്ട് കടന്നാക്രമിക്കാനുള്ള അവസരമാണ് രാഹുല്‍ ഗാന്ധിക്ക് ലഭിക്കുന്നത്. 

click me!