
കൊൽക്കത്ത: ട്രേഡ് യൂണിയനുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന 48 മണിക്കൂർ ദേശീയ പണിമുടക്ക് പശ്ചിമ ബംഗാളിനെ ബാധിച്ചിട്ടേയില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കിനെക്കുറിച്ച് ഒന്നും പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു മമതയുടെ പ്രതികരണം. ഏത് തരത്തിലുള്ള ബന്ദാകട്ടെ അവയ്ക്കെതിരെ വ്യക്തമായ നിലപാടാണ് പശ്ചിമബംഗാൾ സ്വീകരിച്ചിരിക്കുന്നതെന്നും മമത മാധ്യമങ്ങളോട് വിശദീകരിച്ചു.
പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന ചൊവ്വ, ബുധൻ ദിവസങ്ങളിൽ സർക്കാർ ജീവനക്കാർക്ക് അവധി അനുവദിക്കുകയില്ലെന്നും സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ 500 അധിക ബസ് സർവ്വീസ് നടത്തുമെന്നും തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. പൊതുജനങ്ങൾക്ക് യാതൊരു രീതിയിലും പ്രതിസന്ധികളുണ്ടാകാത്ത രീതിയിലായിരിക്കും പൊലീസ് സംവിധാനം പ്രവർത്തിക്കുക. സ്വകാര്യ ബസ് സർവ്വീസ് ഉടമകളും ടാക്സി-കാബ് സർവ്വീസുകളും സാധാരണ ദിവസങ്ങളിലെന്ന പോലെ നിരത്തിലിറങ്ങും. നഗരത്തിലുടനീളം അധികം പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
''ജനജീവിതം തടസ്സപ്പെടുത്തുന്ന രീതിയിൽ ആരെങ്കിലും പ്രവർത്തിച്ചാൽ അവർക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. കട തുറക്കുന്നതിൽ നിന്നും ഓഫീസ് ജോലിയിൽ നിന്നും ആരെയെങ്കിലും തടസ്സപ്പെടുത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ അവർക്കെതിരെയും നടപടിയെടുക്കും. മാർക്കറ്റ്, കടകൾ, ഷോപ്പിംഗ് മാളുകൾ, ഓഫീസുകൾ എന്നിവ സാധാരണ ദിവസങ്ങളിലെന്നത് പോലെ പ്രവർത്തിക്കും.'' ഔദ്യോഗിക പൊലീസ് വക്താവ് വെളിപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam