
ദില്ലി: കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി, ട്വിറ്റർ അക്കൗണ്ട് തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് പേരാണ് പ്രിയങ്കയെ ഫോളോ ചെയ്ത് തുടങ്ങിയത്. അക്കൗണ്ട് ആരംഭിച്ച് പത്ത് മണിക്കൂറിനുള്ളിൽ പ്രിയങ്കയുടെ ഫോളോവേഴ്സിന്റെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ ദിവസം ലക്നൗവിൽ നടത്തിയ കോൺഗ്രസ് റാലിക്ക് തൊട്ടുമുമ്പാണ് പ്രിയങ്ക ഗാന്ധി ട്വിറ്ററിലെത്തുന്നത്. പ്രിയങ്കയുടെ സമൂഹമാധ്യമത്തിലേയ്ക്കുള്ള കടന്നുവരവിനെ തമിഴ് സൂപ്പർ സ്റ്റാർ രജനാകാന്തിനോട് ഉപമിച്ചിരിക്കുകയാണ് കോൺഗ്രസ് എംപി ശശി തരൂർ.
സമൂഹമാധ്യമങ്ങളിലെ പുതിയ സൂപ്പർ സ്റ്റാറെന്നാണ് തരൂർ, പ്രിയങ്കയെ വിശേഷിപ്പിച്ചത്. ട്വിറ്റർ അക്കൗണ്ട് തുടങ്ങി 24 മണിക്കൂറിനുള്ളിൽ രണ്ട് ലക്ഷം ഫോളോവേഴ്സ് ലഭിച്ചത് രജിനീകാന്തിന് മാത്രമാണ്. പ്രിയങ്കക്ക് 12 മണിക്കൂറിനകം ഒരു ലക്ഷം ഫോളോവേഴ്സാണ് ഉണ്ടായത്. സമൂഹമാധ്യമങ്ങളിൽ രജനീകാന്തിന്റെ പ്രതിയോഗിയാണ് അവർ. സമൂഹമാധ്യമങ്ങളിലെ പുതിയൊരു സൂപ്പർസ്റ്റാർ ജനിച്ചിരിക്കുന്നുവെന്നും തരൂർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് കൂടാതെ കോൺഗ്രസ് പ്രസിഡന്‍റും സഹോദരനുമായ രാഹുൽ ഗാന്ധി, കോൺഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റ്, അഹമ്മദ് പട്ടേൽ, ജ്യോതിരാദിത്യ സിന്ധ്യ, രൺദീപ് സിംഗ് സുജേവാല, അലോക് ഗെലോട്ട് എന്നിവരുടെ ട്വിറ്റർ ഹാൻഡിലുകൾ മാത്രമാണ് പ്രിയങ്ക ഇപ്പോൾ ഫോളോ ചെയ്യുന്നത്.
എഐസിസി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന ആദ്യ വലിയ പാർട്ടി പരിപാടിയായിരുന്നു ലക്നൗവിലെ റാലി. എൺപത്തിനാല് ലക്ഷത്തോളം പേർ രാഹുൽ ഗാന്ധിയെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നുണ്ട്. അതേസമയം നാലുകോടി അൻപത്തിനാല് ലക്ഷം ഫോളോവർമാരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ട്വിറ്ററിലുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam