
മുംബൈ: യാത്ര ചെയ്യാൻ പണമില്ലാത്തതിനാൽ സിബിഐ കോടതിയിൽ ഹാജരാകാൻ സാധിക്കുകയില്ലെന്ന് ഷീന ബോറയുടെ പിതാവ് സിദ്ധാർത്ഥ് ദാസ്. മുംബൈ മെട്രോയിൽ ജോലി ചെയ്തിരുന്ന ഷീന ബോറ എന്ന യുവതിയെ അമ്മ ഇന്ദ്രാണി മുഖർജിയും രണ്ടാനച്ഛനും ചേർന്ന് കൊലപ്പെടുത്തിയതിന് ശേഷം തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിച്ചു കളയുകയായിരുന്നു. 2012 ൽ നടന്ന സംഭവത്തിലെ പ്രോസിക്യൂഷൻ സാക്ഷിയാണ് സിദ്ധാർത്ഥ് ദാസ്. കൊൽക്കത്തയിൽ നിന്നും മുംബൈയിലേക്ക് എത്താൻ തന്റെ കൈവശം യാത്രാക്കൂലി ഇല്ലെന്നാണ് ഇയാൾ പറയുന്നത്.
സിദ്ധാർത്ഥ് ദാസ് സാക്ഷി മാത്രമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഭാരത് ബദാമി വ്യക്തമാക്കി. കൊൽക്കത്തയിൽ താമസിക്കുന്ന സിദ്ധാർത്ഥിന് മുംബെയിലെത്താൻ പണമില്ല. അതിനാൽ മുംബെയിലെത്താനുള്ള യാത്രാ ടിക്കറ്റും താമസസൗകര്യവും കോടതി മുൻകൈയെടുത്ത് നൽകണമെന്ന് ഭാരത് ബദാമി കോടതിയെ അറിയിച്ചു.
സിദ്ധാർത്ഥ് ദാസിന്റെയും ഇന്ദ്രാണിയുടെയും മക്കളായ ഷീനയും മിഖേലും മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം ഗുവാഹത്തിയിലാണ് വളർന്നത്. കുട്ടികളെ മാതാപിതാക്കളെ ഏൽപിച്ച് ഇന്ദ്രാണി ഉപരിപഠനത്തിനായി കൊൽക്കത്തയിലേക്ക് പോകുകയായിരുന്നു. പിന്നീട് ഇന്ദ്രാണി സിദ്ധാർത്ഥ് ദാസിൽ നിന്ന് വിവാഹമോചനം നേടുകയും സഞ്ജീവ് ഖന്നയെ വിവാഹം കഴിക്കുകയും ചെയ്തു. ഇന്ദ്രാണിയും സഞ്ജീവും ചേർന്നാണ് ഷീന ബോറയെ കൊന്നു കത്തിച്ചത്.
സിദ്ധാർത്ഥ് ദാസിന്റെ അഭാവത്തിൽ മറ്റൊരു സാക്ഷിയായ കേദാർ കാങ്കോര്‍ക്കറെ വിസ്തരിച്ചു. പിന്നീട് മാധ്യമപ്രവർത്തകനായ പീറ്റർ മുഖർജി സമർപ്പിച്ച അപേക്ഷയും പ്രത്യേക കോടതി പരിശോധിച്ചു. ഇന്ദ്രാണി മുഖർജിയുടെ മൂന്നാമത്തെ പങ്കാളിയായിരുന്നു പീറ്റർ മുഖർജി. ഇന്ദ്രാണിയിൽ നിന്നും ഇദ്ദേഹം വിവാഹമോചനം ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam