ബുലന്ദ്ഷഹർ സംഭവം; സുബോധ് കുമാർ സിം​ഗിന്റെ മരണത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും

By Web TeamFirst Published Dec 5, 2018, 8:07 AM IST
Highlights

കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ശക്തമായതോടെയാണ് സര്‍ക്കാര്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പ്രത്യേക അന്വേഷണ സംഘം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. 

ലഖ്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷെഹറിൽ പൊലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് സര്‍ക്കാരിന് പ്രാഥമിക റിപ്പോർട്ട് സമര്‍പ്പിച്ചേക്കും. കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ശക്തമായതോടെയാണ് സര്‍ക്കാര്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ബീഫ് കഴിച്ചെന്നാരോപിച്ച് 2015-ല്‍ യുപിയില്‍ ഗോസംരക്ഷകര്‍ അഖ്ലാഖ് എന്ന വൃദ്ധനെ തല്ലിക്കൊന്ന കേസ് അന്വേഷിച്ചത് സുബോധ് കുമാര്‍ സിംഗ് ആയിരുന്നു. 

അതിനിടെ രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പര്യടനം പൂര്‍ത്തിയാക്കി ഉത്തർപ്രദേശിൽ തിരിച്ചെത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊല്ലപ്പെട്ട സുബോധ് സിങ്ങിന്‍റെ വീട് സന്ദര്‍ശിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. കൊലയാളികളെ പിടികൂടുമെന്ന് വീട്ടിലെത്തി മുഖ്യമന്ത്രി ഉറപ്പ് നല്‍കണമെന്ന് സുബോധ് കുമാറിന്‍റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. കേസിലെ മുഖ്യ പ്രതിയും ബജ്റംഗ് ദള്‍ പ്രവര്‍ത്തകനുമായ യോഗേഷ് രാജ് ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തുടര്‍സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബുലന്ദ്ഷെഹറില്‍ കനത്ത പൊലീസ് ജാഗ്രത തുടരുകയാണ്. 

ബുലന്ദ്ഷഹർ ജില്ലയിലെ സിയാന മേഖലയിൽ നാനൂറോളം വരുന്ന ആൾക്കൂട്ടമാണ് അക്രമം അഴിച്ചു വിട്ടത്. പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന മാലിന്യങ്ങൾ വനപ്രദേശത്ത് കണ്ടെത്തിയ സംഭവത്തെ തുടര്‍ന്നാണ് ബുലന്ദ്ഷഹറില്‍ തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കലാപം ആരംഭിക്കുന്നത്. അക്രമികള്‍ പൊലീസ് എയ്ഡ് പോസ്റ്റും പൊലീസ് സ്റ്റേഷനും ആക്രമിക്കുകയും ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ചു.

അക്രമികൾ പൊലീസിന് നേർ‌ക്ക് നടത്തിയ കല്ലേറിൽ സുബോധ് കുമാർ സിം​ഗിന് ​ഗുരുതരമായി പരിക്കേറ്റിരുന്നു.  പരിക്കേറ്റ സുബോദ് കുമാര്‍ സിംഗിനേയും കൊണ്ട് സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് പോകും വഴി ഇവര്‍ക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായെന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് എഡിജിപി അനന്ത്കുമാറിനെ ഉദ്ധരിച്ച് ദേശീയമാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തത്. വെടിയുണ്ട തലച്ചോറിൽ‌ തറച്ച നിലയിലായിരുന്നു. 

click me!