എന്‍ഡിഎ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി: പിന്തുണയുടെ കാര്യത്തില്‍ ശിവേസന ഇന്ന് തീരുമാനമെടുക്കും

By Web DeskFirst Published Jun 20, 2017, 11:35 AM IST
Highlights

എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദയെ പിന്തുണക്കുമോ എന്ന കാര്യത്തില്‍ ശിവേസന ഇന്ന് തീരുമാനമെടുക്കും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മുംബൈയില്‍ ഉദ്ദവ് താക്കറെ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചു.

ദളിത് വോട്ടുബാങ്ക് മാത്രം  ലക്ഷ്യമാക്കിയാണ് രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിപ്രഖ്യാപനമെങ്കില്‍ അംഗീകരിക്കില്ല. രാജ്യപുരോഗതിക്കായി ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും ശിവസേന പിന്തുണ നല്‍കുമെന്നാണ് ഉദ്ദവ് താക്കറെ പറയുന്നത്.

ദളിത് വോട്ടുബാങ്ക് മാത്രം ലക്ഷ്യമാക്കിയാണ് ബിജെപി രാംനാഥ് കോവിന്ദയെ രാഷ്‌ട്രപതി സ്ഥാനാര്‍ഥിയാക്കിയത് എങ്കില്‍ അതിനെ അംഗീകരിക്കാനാകില്ലെന്നായിരുന്നു ഉദ്ദവ് പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ അന്‍പത്തിയൊന്നാം സ്ഥാപകദിനത്തില്‍ നടത്തിയ പൊതുയോഗത്തിലായിരുന്നു ഉദ്ദവ് ബിജെപിക്കെതിരെ തുറന്നടിച്ചത്. ഹിന്ദുസ്ഥാന്‍ ഹിന്ദുരാഷ്‌ട്രമാണെന്നും രാഷ്‌ട്രപതിയാകാന്‍ മോഹന്‍ ഭഗവതാണ് ഏറ്റവും അനുയോജ്യനെന്നും ഉദ്ദവാ ആവര്‍ത്തിച്ചു. ഘടകകക്ഷികളോട് ചര്‍ച്ചചെയ്യാതെ സ്വന്തം നിലയ്‌ക്ക് രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയുടെ പേര് ബിജെപി പ്രഖ്യാപിച്ചതില്‍ സേനയ്‌ക്ക് അതൃപ്തിയുണ്ട്. അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുന്നുണ്ടെങ്കിലും രാം നാഥ് കോവിന്ദയെ പിന്തുണയ്‌ക്കാനാകും പാര്‍ട്ടി തീരുമാനിക്കുക എന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. കോവിന്ദയെ പിന്തുണക്കാതിരുന്നാല്‍ ദളിത് വിരുദ്ധപാര്‍ട്ടിയായി ശിവസേന മുദ്രകുത്തപ്പെടുമോ എന്ന് പാര്‍ട്ടി ഭയക്കുന്നു. ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയോടല്ല, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന രീതിയോടാണ് ശിവസേനയ്‌ക്ക് പ്രധാനമായും എതിര്‍പ്പുള്ളത്. ഇന്നത്തെ പാര്‍ട്ടിയോഗത്തില്‍ വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം ഉദ്ദവ് താക്കറെ നിലപാട് വ്യക്തമാക്കും. പതിനെട്ട് ലോക്‌സഭാ അംഗങ്ങളും 63 എംഎല്‍എമാരുമുള്ള ശിവസേനയ്‌ക്ക് രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ 25,869 വോട്ടുണ്ട്.

click me!