'പഠാന്‍കോട്ടിന് ശേഷം വെറും മുന്നറിയിപ്പുകള്‍ മാത്രം'; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേന

By Web TeamFirst Published Feb 21, 2019, 7:03 PM IST
Highlights

ലോക്സഭ തെരഞ്ഞെടുപ്പിലെ പോളിംഗ് നടക്കും വരെ കാത്തിരിക്കാതെ പാകിസ്ഥാനെതിരെ തിരിച്ചടിക്കണമെന്ന് ശിവസേന മുഖപത്രമായ സാമ്നയുടെ എഡിറ്റോറിയലില്‍ ആവശ്യപ്പെട്ടു.

മുംബെെ: പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കേന്ദ്ര ഭരണം കയ്യാളുന്ന ബിജെപിയുടെ നിലപാടുകള്‍ക്കെതിരെ ആഞ്ഞടിച്ച് സഖ്യകക്ഷിയായ ശിവസേന. ലോക്സഭ തെരഞ്ഞെടുപ്പിലെ പോളിംഗ് നടക്കും വരെ കാത്തിരിക്കാതെ പാകിസ്ഥാനെതിരെ തിരിച്ചടിക്കണമെന്ന് ശിവസേന മുഖപത്രമായ സാമ്നയുടെ മുഖപ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

തിരിച്ചടി നല്‍കുന്നതിന് യുഎസിനെയോ യൂറോപ്യന്‍ രാജ്യങ്ങളെയോ ആശ്രയിക്കരുതെന്നും ശിവസേന അഭിപ്രായപ്പെട്ടു. പിന്തുണയ്ക്കായി അമേരിക്കയെയോ യൂറോപ്യന്‍ രാജ്യങ്ങളെയോ തേടാതെ നമ്മള്‍ പൊരുതുകയാണ് വേണ്ടത്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ യുദ്ധം ആരംഭിച്ചിരിക്കുകയാണ്.

അത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനും കൂടിയാണ്. സോഷ്യന്‍ മീഡിയ യുദ്ധം അവസാനിപ്പിക്കണം. ജവാന്മാരുടെ രക്ഷസാക്ഷിത്വം തെരഞ്ഞെടുപ്പ് വിജയിക്കുന്നതിനുള്ള ആയുധമാക്കരുത്. അങ്ങനെയുള്ള ഒരു രാജ്യം എങ്ങനെ ശത്രുക്കളെ നേരിടും?  പാകിസ്ഥാനെ പാഠം പഠിപ്പിക്കുമെന്നുള്ള വാചകമേളകള്‍ നടക്കുന്നുണ്ട്.

ആ പറച്ചിലുകള്‍ നിര്‍ത്തി ചെയ്ത് കാണിക്കുകയാണ് വേണ്ടത്. പഠാന്‍കോട്ടിനും ഉറിക്കും ശേഷം നമ്മള്‍ ഇപ്പോഴും മുന്നറിയിപ്പുകള്‍ മാത്രം കൊടുത്തു കൊണ്ടിരിക്കുകയാണെന്നും സാമ്നയുടെ എഡിറ്റോറിയലില്‍ വിമര്‍ശിക്കുന്നു. നേരത്തെ, 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും ഒന്നിച്ചു തന്നെ മത്സരിക്കാന്‍ ധാരണയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും സീറ്റ് വിഭജനം എങ്ങനെ വേണമെന്നതിലും തീരുമാനമായിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുകൾ 50-50 എന്ന നിലയിൽ പപ്പാതി വീതിക്കാനാണ് തീരുമാനമായിട്ടുള്ളത്. മുഖ്യമന്ത്രി സ്ഥാനം രണ്ടര വർഷത്തിന് ശേഷം വച്ചു മാറാനും അമിത് ഷായുമായി നടത്തിയ ചർച്ചയിൽ ധാരണയായിട്ടുണ്ട്.

click me!