നിരാഹാരമിരിക്കാന്‍ തയ്യാര്‍, സിബിഐ അന്വേഷണം വേണം: സുഹൈലിന്റെ കുടുംബം

By Web DeskFirst Published Feb 26, 2018, 12:41 PM IST
Highlights

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ഷുഹൈബിന്റെ കുടുംബം. ഷുഹൈബ് കൊല്ലപ്പെട്ടിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. എംഎല്‍എയോ മന്ത്രിയോ പോയിട്ട് ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും ഷുഹൈബിന്റെ പിതാവ് പറഞ്ഞു. 

സിബിഐ അന്വേഷണം നടത്തുന്നതിനോട് സര്‍ക്കാരിന് വിയോജിപ്പില്ലെന്നാണ് മന്ത്രി എ.കെ.ബാലന്‍ കണ്ണൂരില്‍ വന്നപ്പോള്‍ പറഞ്ഞത്. ആ നിലപാടില്‍ നിന്നും സര്‍ക്കാര്‍ ഇപ്പോള്‍ പിന്നോക്കം പോയിരിക്കുകയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാരമിരിക്കാന്‍ തയ്യാറാണെന്നും ഷുഹൈബിന്റെ കുടുംബം പറഞ്ഞു. 

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ കുടുംബം നല്‍കിയ കത്ത് തനിക്ക് കിട്ടിയിരുന്നുവെന്ന് അവരുടെ ആശങ്കയും വേദനയും താന്‍ തിരിച്ചറിയുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു. കേസില്‍ പ്രതികളൊന്നും പിടിയിലാവാതിരുന്ന ഘട്ടത്തിലാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചതെന്നും മുഴുവന്‍ പ്രതികളും പിടിയിലാവുകയും അന്വേഷണം ഊര്‍ജിതമായി മുന്നോട്ട് പോകുകയും ചെയ്യുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം എന്ന ആവശ്യം ഉദിക്കില്ലെന്നുമാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പറഞ്ഞത്.
 

click me!