സുജ ചന്ദ്രബാബു സിപിഎം വിട്ട് മുസ്ലിം ലീഗിൽ ചേർന്നതിൽ സന്തോഷം പങ്കുവെച്ച് സിപിഎം പ്രവർത്തകർ. അഞ്ചലിൽ പായസം വെച്ചും മധുരം വിതരണം ചെയ്തുമായിരുന്നു സിപിഎം പ്രവർത്തകരുടെ ആഘോഷം.
കൊല്ലം: സിപിഎം ജില്ലാ കമ്മിറ്റിയംഗം സുജ ചന്ദ്രബാബു പാർട്ടി വിട്ട് മുസ്ലിം ലീഗിൽ ചേർന്നതിൽ ‘സന്തോഷം’ പങ്കുവെച്ച് സിപിഎം പ്രവർത്തകർ. അഞ്ചലിൽ പായസം വെച്ചും മധുരം വിതരണം ചെയ്തുമായിരുന്നു സിപിഎം പ്രവർത്തകരുടെ ‘ആഘോഷം’. പാറവിള വാർഡിലെ പ്രവർത്തകരും അഞ്ചൽ ഏരിയാ നേതൃത്വത്തിലെ ചിലരുമായിരുന്നു ആഘോഷ പരിപാടിയുടെ പ്രധാന സംഘാടകർ. മൂന്നുതവണ അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഒരുതവണ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, എഐഡബ്ലുഎ മുൻ കൊല്ലം ജില്ല സെക്രട്ടറി, എഐഡബ്ലുഎ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് സുജ ചന്ദ്രബാബു,
സിപിഎമ്മിന്‍റെ വർഗീയ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജി എന്നാണ് സുജ ചന്ദ്രബാബു പ്രഖ്യാപിച്ചത്. സിപിഎമ്മിൽ അധികാര നേതൃസ്ഥാനങ്ങളിൽ ഉണ്ടായിരുന്ന ഇവർ ഇപ്പോൾ മുസ്ലിം ലീഗിലേക്ക് ചേക്കേറിയത് പുനലൂർ നിയമസഭാ സീറ്റ് ലക്ഷ്യമിട്ടാണെന്നാണ് സിപിഎം പ്രവർത്തകരുടെ ആക്ഷേപം. പാറവിള വാർഡ് രൂപീകരിച്ച നാൾ മുതൽ സി പി എം ആണ് ഇവിടെ ജയിച്ചിരുന്നത്. സുജ ചന്ദ്രബാബുവിന്റെ പ്രവർത്തന പരാജയം കൊണ്ടാണ് ഇത്തവണ ബിജെപി ജയിച്ചതെന്നും കാലാകാലങ്ങളായി സുജയും കുടുംബക്കാരും ഇവിടെ മാറിമാറി മത്സരിക്കുകയായിരുന്നു എന്നും സിപിഎം പ്രവർത്തകർ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ രണ്ട് തവണയായി മുസ്ലിം ലീഗ് മത്സരിച്ച് തോൽക്കുന്ന പുനലൂർ നിയമസഭാ സീറ്റ് കോൺഗ്രസ് തിരിച്ച് പിടിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ഈ സീറ്റു നിലനിർത്താൻ പൊതുസ്വതന്ത്രയെ അന്വേഷിക്കുകയായിരുന്നു ലീഗ്. ഇടതിന് വൻ വേരോട്ടമുള്ള പുനലൂരിൽ അതേ പാളയത്തിൽ നിന്ന് ഒരാളെ അടർത്തി മത്സരിപ്പിക്കാനാണ് ലീഗും ലക്ഷ്യം വെയ്ക്കുന്നത്. മുസ്ലീം ലീഗ് തന്നെ ഇവിടെ മത്സരിച്ചാൽ സുജ ചന്ദ്രബാബു സ്ഥാനാർത്ഥിയായേക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.


