രമണ്‍ ശ്രീവാസ്തവയും ചാരക്കേസും: തനിക്ക് പിഴവുപറ്റിയെന്ന് സിബി മാത്യൂസിന്റെ തുറന്നുപറച്ചില്‍

By Web DeskFirst Published Jun 2, 2017, 1:43 PM IST
Highlights

തിരുവനന്തപുരം: മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവക്കെതിരായി ചാരക്കേസില്‍ ഉയര്‍ന്നു വന്ന ആരോപണത്തിലെ സു്രപധാനമായ വിവരം അന്വേഷിക്കുന്നതില്‍ പിഴവ് സംഭവിച്ചതായി സിബി മാത്യൂസിന്റെ തുറന്നുപറച്ചില്‍. തെളിവില്ലെന്നു പറഞ്ഞ് രമണ്‍ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാനുള്ള ഐബി നീക്കം തടഞ്ഞത് താനാണെന്ന് ആത്മകഥയില്‍ എഴുതിയ സിബി മാത്യൂസ് തന്നെയാണ്, സുപ്രധാനമായ തെളിവ് ശേഖരിക്കുന്നതില്‍ തനിക്ക് വീഴ്ച്ച പറ്റിയതായും വിശദീകരിക്കുന്നത്. 

മദ്രാസിലെ ഹോട്ടലില്‍ ഫൗസിയ ഹസനുമായി കൂടിക്കാഴ്ച നടത്തിയവരില്‍ ഒരാള്‍ രമണ്‍ ശ്രീവാസ്തവ ആണെന്നായിരുന്നു ഇന്റലിജന്‍സ് ബ്യൂറോയുടെ കണ്ടെത്തല്‍. മദ്രാസിലെ ഹോട്ടലില്‍വെച്ച് തന്നോട് ചര്‍ച്ച ചെയ്തവരില്‍ ബ്രിഗേഡിയര്‍ ശ്രീവാസ്തവ എന്ന ഒരാള്‍ ഉണ്ടായിരുന്നുവെന്ന് ഫൗസിയ ഹസന്‍ മൊഴി നല്‍കിയിരുന്നു.  ഇത് ആരാണ് എന്നന്വേഷിക്കാനായിരുന്നു ചാരക്കേസ് അന്വേഷിച്ചിരുന്ന ഇന്റലിജന്‍സ് ബ്യൂറോ സംഘത്തിന് താല്‍പ്പര്യം.അന്നത്തെ ഐജിയായിരുന്ന രമണ്‍ ശ്രീവാസ്തവ ആണ് ഇതെന്നാണ് ഐബി ഉറപ്പിച്ചു പറഞ്ഞത്. രമണ്‍ ശ്രീവാസ്തവയുടെ വീടും ഓഫീസും പരിശോധിക്കണമെന്നും ഐബി നിരന്തരം ആവശ്യപ്പെട്ടു. വ്യക്തമായ തെളിവില്ലാത്തതിനാല്‍, അദ്ദേഹത്തെ ചോദ്യം ചെയ്യാനാവില്ലെന്നും വീടും ഓഫീസും പരിശോധിക്കാന്‍ കഴിയില്ലെന്നും താന്‍ ഉറപ്പിച്ചു പറഞ്ഞതായി സിബി മാത്യൂസ് എഴുതുന്നു. 

ബ്രിഗേഡിയര്‍ ശ്രീവാസ്തവ ആരാണ് എന്നന്വേഷിക്കാനായിരുന്നു  ഇന്റലിജന്‍സ് ബ്യൂറോ സംഘത്തിന് താല്‍പ്പര്യം

'രാജ്യസുരക്ഷയാണ് മുഖ്യം വ്യക്തിപരമായ കാര്യങ്ങള്‍ അതിനു വിലങ്ങു തടിയാവാന്‍ പാടി'ല്ലെന്ന് ഐബി ഉദ്യോഗസ്ഥന്‍ ദിലീപ് ്രതിപാഠി ശബ്ദമുയര്‍ത്തിപ്പറഞ്ഞപ്പോഴും താന്‍ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാനാവില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നു. കൊലക്കേസ് പോലെ ചാരക്കേസില്‍ ദൃക്‌സാക്ഷിയൊന്നുമുണ്ടാവില്ല, ഒടുവില്‍ തെളിവില്ല എന്നു കണ്ടാല്‍  24 മണിക്കൂറിനുള്ളില്‍ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് വാറണ്ട് വാങ്ങി ജയിലില്‍ അടക്കുമെന്നും ഐബി ഉദ്യോഗസ്ഥന്‍ മാത്യു ജോണ്‍ പറഞ്ഞതായും സിബി മാത്യൂസ് എഴുതുന്നു. 

'ഐബിയുടെ ഭാഗത്തുനിന്നും ഇത്രയും സമ്മര്‍ദ്ദ തന്ത്രം ഞാന്‍ പ്രതീക്ഷിച്ചില്ല. രമണ്‍ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യുന്നതിന് എന്തു കാരണമാണുള്ളത് എന്ന എന്റെ ചോദ്യത്തിന് അതിന്റെ ചര്‍ച്ചയൊന്നും ആവശ്യമില്ല എന്നായിരുന്നു മറുപടി'-സിബി മാത്യൂസ് എഴുതുന്നു. 

'ഐബിയുടെ ഭാഗത്തുനിന്നും ഇത്രയും സമ്മര്‍ദ്ദ തന്ത്രം ഞാന്‍ പ്രതീക്ഷിച്ചില്ല.

തെളിവില്ലെന്നു പറയുമ്പോഴും ശ്രീവാസ്തവയ്ക്ക് എതിരായ സുപ്രധാന തെളിവ് അന്വേഷിക്കുന്നതില്‍ തന്റെ ഭാഗത്തുനിന്നും പിഴവുണ്ടായെന്നും അദ്ദേഹം തുറന്നുപറയുന്നുണ്ട്: 

'ഫൗസിയ ഹസന്‍ മദ്രാസിലെ ഇന്റര്‍നാഷനല്‍ ഹോട്ടലില്‍ ബ്രിഗേഡിയര്‍ ശ്രീവാസ്തവ അടക്കമുള്ളവുമായി ചര്‍ച്ച ചെയ്തു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണല്ലോ അത് ശ്രീവാസ്തവയാണെന്ന് ഉറപ്പിച്ച് അറസ്റ്റ് ചെയ്യാന്‍ ഐബി പറയുന്നത്. ഹോട്ടലില്‍ അങ്ങനെയൊരു കൂടിക്കാഴ്ച നടന്നു എന്നതിന്, പ്രതികള്‍ ഹോട്ടലില്‍ മുറിയെടുത്തു എന്നതിന് രേഖയുണ്ടോ എന്ന് ഞാന്‍ മാത്യു ജോണിനോട് പലവട്ടം ചോദിച്ചു. 'ഉണ്ട് ഞങ്ങള്‍ അതെല്ലാം മുമ്പു തന്നെ വെരിഫൈ ചെയ്തിരുന്നു' എന്ന് പറഞ്ഞതല്ലാതെ ഹോട്ടല്‍ രജിസ്റ്ററിന്റെ േഫാട്ടോ കോപ്പി പോലും തരാന്‍ മാത്യു ജോണ്‍ തയ്യാറായില്ല. ഐബിയെ വിശ്വസിക്കുന്നതിന് പകരം കേരള പൊലീസിലെ ഒരു ഇന്‍സ്‌പെക്ടറെ അയച്ച് ആ ഹോട്ടല്‍ ബില്‍ എടുപ്പിക്കാവുന്നതേയുള്ളൂ. അങ്ങനെ ചെയ്യാതിരുന്നത് എനിക്കു പറ്റിയ പിഴവായിരുന്നു. ( ആ പിഴവ് പിന്നീട് സിബിഐ മുതലെടുത്തു. അങ്ങനെെയാരു കൂടിക്കാഴ്ച മദ്രാസിലെ ഇന്റര്‍നാഷനല്‍ ഹോട്ടലില്‍ നടന്നിട്ടില്ല എന്ന് അവര്‍ റിപ്പോര്‍ട്ട് എഴുതി)

'രമണ്‍ ശ്രീവാസ്തവ ഉന്നതമായ ഔദ്യോഗിക രാഷ്ട്രീയ മേഖലകളില്‍ അതിശക്തമായ സ്വാധീനമുള്ളയാളാണ്.

ഫൗസിയ ഹസനുമായി മദ്രാസിലെ ഹോട്ടലില്‍ ചര്‍ച്ച ചെയ്തുവെന്ന് പറയുന്ന 'ബ്രിഗേഡിയര്‍ ശ്രീവാസ്തവ' ആരാണെന്ന വിവരം അന്വേഷിക്കാതെയാണ് അതിനുള്ള തെളിവുകള്‍ കണ്ടെത്താതെയാണ് തെളിവില്ലെന്ന് പറഞ്ഞ് രമണ്‍ ശ്രീവാസ്തവക്കെതിരായ നീക്കത്തെ തടഞ്ഞതാണെന്നാണ് ആത്മകഥയില്‍ സിബി മാത്യൂസ് എഴുതിയത്. 

രമണ ശ്രീവാസ്തവയുടെ സ്വാധീനത്തെക്കുറിച്ചും സിബി മാത്യൂസ് എഴുതുന്നുണ്ട്. 'രമണ്‍ ശ്രീവാസ്തവ ഉന്നതമായ ഔദ്യോഗിക രാഷ്ട്രീയ മേഖലകളില്‍ അതിശക്തമായ സ്വാധീനമുള്ളയാളാണ്. അദ്ദേഹത്തിന്റെ സഹോദരന്‍ വിക്രം ശ്രീവാസ്തവ ഐജിയാണ്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ സുരക്ഷാ വിഭാഗം മേധാവിയായിരുന്നു. അവരുടെ പിതാവായ കെ.കെ ശ്രീവാസ്തവയും ഉത്തര്‍ പ്രദേശില്‍ ഐജിയായിരുന്നു. ശ്രീവാസ്തവമാരും സിന്‍ഹമാരുമൊക്കെ ഉള്‍പ്പെടുന്ന കയസ്ഥ സമുദായത്തിന് അതിശക്തമായ സ്വാധീനം എല്ലാ കാലത്തും രാഷ്ട്രീയ മണ്ഡലങ്ങളിലുണ്ട്' എന്നാണ് സിബി മാത്യൂസ് എഴുതുന്നത്.  

ഐബി സമ്മര്‍ദ്ദം ചെലുത്തിയിട്ടും രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെ നടപടി എടുക്കാത്ത അതേ താനാണ് ഇക്കാര്യത്തില്‍ സിബിഐ അന്വേഷണമാവാമെന്ന് നിര്‍ദേശം ആദ്യം വെച്ചതെന്നും സിബി മാത്യൂസ് പറയുന്നു. നവംബര്‍ അവസാനം 'ഇന്ത്യന്‍ എക്‌സ്പ്രസ്' പത്രത്തിന്റെ ഒന്നാംപേജില്‍ രമണ്‍ ശ്രീവാസ്തവയടക്കം നാലുപേരുടെ ഫോട്ടോ കൊടുത്ത് മുഖ്യസൂത്രധാരന്‍ എന്ന് അടിക്കുറിപ്പോടെ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് ഈ നിലപാടിലേക്ക് താന്‍ എത്തിയതെന്നും സിബി മാത്യൂസ് പറയുന്നു. 

'ഞാന്‍ വലിയ ചിന്താക്കുഴപ്പത്തിലായി. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പില്‍ പൊലീസ് വെടിവയ്പില്‍ അഞ്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ദിവസമായിരുന്നു അത്. പിന്നീട് രണ്ടുദിവസത്തേക്ക് ഹര്‍ത്താലും അക്രമവുംമൂലം കേസിന്റെ അന്വേഷണം സ്തംഭനാവസ്ഥയിലായിരുന്നു.  'ഇന്ത്യന്‍ എക്‌സ്പ്രസ്' പത്രത്തിലെ ഈ വാര്‍ത്തയെത്തുടര്‍ന്ന് ഞാന്‍ അന്വേഷണസംഘത്തിലെ പ്രധാനികളെ വിളിച്ചുവരുത്തി ഓഫീസില്‍ വച്ച് ചര്‍ച്ച ചെയ്തു. ഐ.ബി. എന്തുതന്നെയായാലും രമണ്‍ ശ്രീവാസ്തവയെ അറസ്റ്റ്‌ചെയ്യണമെന്ന് ആവശ്യപ്പെടും. എന്താ ഇനി ചെയ്യേണ്ടത്? ഇതായിരുന്നു എന്റെ മനസ്സില്‍ നീറ്റലായി നിന്നത്.

''സര്‍, ഐ.ബി.ക്കാരോട് തര്‍ക്കത്തിനും വഴക്കിനും പോകണ്ട. വല്ല റിപ്പോര്‍ട്ടും സാറിനെതിരെ കേന്ദ്രഗവണ്‍മെന്റിനയച്ചാല്‍ ബുദ്ധിമുട്ടാവും' എസ്.പി. ബാബുരാജ് സ്‌നേഹത്തോടെ എന്നോടു പറഞ്ഞു.
ഐ.ബിക്കാര്‍ പറയുന്നതുപോലെ ചെയ്യാം എന്ന് കെ.കെ. ജോഷ്വായും പറഞ്ഞു. ജോഗേഷ് മൗനം പാലിച്ചിരുന്നു. കേസ് സി.ബി.ഐ. അന്വേഷിക്കണം എന്നെഴുതിക്കൊടുത്താലോ? എന്നതായിരുന്നു എന്റെ ആലോചന. അത് നല്ലൊരു തീരുമാനമായി എല്ലാവരും അംഗീകരിച്ചു'

സിബിഐ അന്വേഷണം ആരംഭിച്ചതോടെയാണ് കേസ് തന്നെ അവസാനിപ്പിക്കുന്ന തരത്തില്‍ നീക്കങ്ങള്‍ തുടങ്ങിയത് എന്നും അദ്ദേഹം മറ്റൊരിടത്ത് എഴുതുന്നുണ്ട്. ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മീഡിയയില്‍ സ്വാധീനം ചെലുത്തുക എന്ന ലക്ഷ്യത്തോടെ സിബിഐ സംഘത്തിലെ മലയാളിയായ ഡിഐ.ജി പി മധുസൂധനന്‍ നായര്‍ ദില്ലിയില്‍നിന്നും കേരളത്തില്‍ എത്തി പ്രവര്‍ത്തനം നടത്തിയതായും ഇതിന്റെ ഭാഗമായി അത്തരം വാര്‍ത്തകള്‍ വന്നതായും സിബി മാത്യൂസ് എഴുതുന്നത് ഇതോടൊപ്പം കൂട്ടിവായിക്കാം. 

ശ്രീവാസ്തവയുടെ അറസ്റ്റ് വേണമെന്ന ഐബിയുടെ ആവശ്യം അംഗീകരിക്കാത്ത സാഹചര്യത്തിലാണ് അനുനയമെന്നോണം നമ്പി നാരായണനെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം എടുത്തതെന്നും സിബി മാത്യൂസ് എഴുതുന്നുണ്ട്. 

'പിറ്റേന്ന് വൈകുന്നേരം ഇന്റലിജന്‍സ് ഡി.ജി.പി. രാജഗോപാല്‍ നായരുടെ ഓഫീസില്‍വച്ചു നടന്ന കോണ്‍ഫറന്‍സില്‍ രമണ്‍ ശ്രീവാസ്തവയെ ഉടന്‍ അറസ്റ്റ്‌ചെയ്യണമെന്ന് ഐ.ബി. ഉദ്യോഗസ്ഥര്‍ വാശിപിടിച്ചു. നമ്പി നാരായണനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും അവര്‍ എന്നോടു ചോദിച്ചു.
ഐ.ബി. എന്നോട് ഒരു പ്രതിയോടെന്നപോലെയാണ് ചോദ്യം ചെയ്തുകൊണ്ടിരുന്നത്. അതെനിക്ക് ഇഷ്ടപ്പെട്ടില്ല.

ഇതൊക്കെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന രാജഗോപാലന്‍ നായര്‍ അനുനയത്തിലെന്നപോലെ പറഞ്ഞു: ''എന്നാപ്പിന്നെ നമ്പി നാരായണന്റെ അറസ്റ്റ് ഇനി വൈകിക്കേണ്ട. ശ്രീവാസ്തവയുടെ കാര്യം പിന്നീട് തീരുമാനിക്കാം, എന്താ?'

ഞാനതു സമ്മതിച്ചു. നമ്പി നാരായണനെതിരെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ബാംഗഌരില്‍നിന്നും അറസ്റ്റ് ചെയ്ത ചന്ദ്രശേഖരന്റെ മൊഴി, നമ്പി നാരായണനെയും ഫൗസിയ ഹസനെയും ഹോട്ടല്‍മുറിയില്‍വച്ചു കണ്ടുവെന്നും അവര്‍ ഒരു ബിസിനസ് ഡീലാണ് സംസാരിക്കുന്നതെന്ന് ഫൗസിയ പറഞ്ഞതുമാണ്. ഇതിനു പുറമെ, നമ്പി നാരായണന്റെ വീട്ടില്‍ ഉപയോഗിച്ചിരുന്ന ഫോണില്‍നിന്നും അനേകം കോളുകള്‍ അമേരിക്ക, റഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കാണ് വിളിച്ചിരിക്കുന്നത്. ഈ ടെലഫോണാകട്ടെ, കുര്യന്‍ കളത്തില്‍ എന്ന വന്‍കിട കോണ്‍ട്രാക്ടറുടെ പേരില്‍ എടുത്തിരിക്കുന്നതാണ്'. 

click me!