പാളിപ്പോയ പ്രളയ പുനരധിവാസം: കണ്ണീരോടെ ഇടുക്കിയിലെ ദുരിതബാധിതർ

By Web TeamFirst Published Dec 13, 2018, 9:39 AM IST
Highlights

62 വയസുകാരിയായ പന്നിയാര്‍കുട്ടി സ്വദേശിനി കുട്ടിയമ്മയ്ക്ക്. ഇക്കഴിഞ്ഞ പേമാരിയിലും ഉരുൾപൊട്ടലിലും വീടിന്റെ പാതി തകർന്നുപോയി. ആകെയുണ്ടായിരുന്ന പത്ത് സെന്‍റ് ഭൂമിയും നാമാവശേഷമായി. പഞ്ചായത്ത് നൽകിയ ഒറ്റമുറിക്കെട്ടിടത്തിലാണ് ഇപ്പോൾ താമസം. 

പന്നിയാര്‍കുട്ടി: പ്രളയത്തിലും പേമാരിയിലും കിടപ്പാടം നഷ്ടപ്പെട്ട ഇടുക്കിയിലെ നിരവധി കുടുംബങ്ങൾ സർക്കാരിന്‍റെ സഹായത്തിനായി കാത്തിരിക്കുകയാണ്. പ്രകൃതിക്ഷോഭത്തിൽ നശിച്ച പട്ടയമില്ലാത്ത ഭൂമിയിലെ വീടിന് സർ‍ക്കാർ ധന സഹായം കിട്ടുമോയെന്ന കാര്യത്തിലും വ്യക്തതയില്ല. 

62 വയസുകാരിയായ പന്നിയാര്‍കുട്ടി സ്വദേശി  കുട്ടിയമ്മയ്ക്ക്. ഇക്കഴിഞ്ഞ പേമാരിയിലും ഉരുൾപൊട്ടലിലും വീടിന്റെ പാതി തകർന്നുപോയി. ആകെയുണ്ടായിരുന്ന പത്ത് സെന്‍റ് ഭൂമിയും നാമാവശേഷമായി. പഞ്ചായത്തു നൽകിയ ഒറ്റമുറിക്കെട്ടിടത്തിലാണ് ഇപ്പോൾ താമസം. മൂന്നു മാസം കഴി‍ഞ്ഞാൽ പിന്നെ അവിടെ തുടരാന്‍ പറ്റില്ല. പിന്നെ അതുകഴിഞ്ഞ് എവിടെ പോകുമെന്ന ആശങ്കയിലാണ് കുട്ടിയമ്മയുള്ളത്.

അഞ്ച് കിലോ മീറ്റർ അകലെയുളള ദുരിതാശ്വാസ ക്യാപിൽ നിന്ന് എല്ലാ ദിവസവും രാവിലെ നടന്ന് കുട്ടിയമ്മ പന്നിയാർ കുട്ടിയിലെ വീട്ടിലെത്തും. കീഴക്കാം തൂക്കായ മലഞ്ചെരിവിലൂടെയാണ് നടത്തം. ഉരുൾ പൊട്ടലിൽ ഇവിടെക്കുളള വഴിയൊക്കെ തകർന്നടിഞ്ഞു. പാറയിടുക്കിലൂടെ അളളിപ്പിടിച്ച് വേണം മലമുകളിലെ വീട്ടിലെത്താൻ.

 

ഉരുൾപൊട്ടലിൽ വീടിന്‍റെ ഒരു ഭാഗം തകർന്നുപോയി. ബാക്കിയുളളത് വിണ്ടുകീറിയ നിലയിലുമാണുള്ളത്. ഭൂമി ഉപക്ഷിച്ചുപോകണമെന്ന് ഉദ്യോഗസ്ഥർ നിലപാട് എടുത്തു കഴിഞ്ഞു. പക്ഷേ എങ്ങോട്ട് പോകുമെന്ന കാര്യത്തില്‍ മാത്രം വ്യക്തതയില്ല. പട്ടയമില്ലാത്ത ഭൂമിക്ക് സർക്കാർ ധനസഹായം കിട്ടുമെന്നും ഉറപ്പില്ല. 

പ്രാർഥനയാണ് ഇപ്പോൾ ഈ വൃദ്ധയുടെ ശരണം. ക്യാൻസർ വന്ന് ഭാർത്താവ് മരിച്ച കുട്ടിയമ്മയ്ക്ക് തുണയ്ക്കാരുമില്ല. അഞ്ച് പെൺമക്കളെയും കെട്ടിച്ചയച്ചു. ദുരിതാശ്വാസ ക്യാംപ് വിട്ടാൽ തെരുവിനെ ആശ്രയിക്കേണ്ടി വരുമെന്ന ഭീതിയിലാണ് ഈ അറുപത്തിരണ്ടുകാരിയുള്ളത്.  

click me!