
ചെന്നൈ: സിംഗിള്‍ പാരന്‍റിങ് സമൂഹത്തിന് അപകടകരമാണെന്ന് മദ്രാസ് ഹൈക്കോടതി. ഒരു കുട്ടിക്ക് പിതാവിന്റെയും മാതാവിന്‍റെയും സ്‌നേഹം ഒരുപോലെ ആവശ്യമാണ്. അതുപോലെ ഒന്നിന് പകരം വയ്ക്കാൻ മറ്റൊന്നിന് സാധിക്കുകയില്ലെന്നും മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എൻ കിറൂബകാരൻ നിരീക്ഷിച്ചു.
സിംഗിള്‍ പാരന്‍റിങ്ങില്‍ വളർന്ന കുട്ടികളുടെ പെരുമാറ്റരീതി മാറാൻ സാധ്യത ഏറെയാണ്. അത്തരം മാറ്റങ്ങൾ സമൂഹത്തിന് ഹാനികരമായിരിക്കും. മാതാപിതാക്കളിൽനിന്നും കിട്ടേണ്ട സ്നേഹവും പരിഗണനയും ഇവരിൽ ഒരാളിൽ മാത്രമായി ഒതുങ്ങുന്നതാണ് ഇതിന് കാരണം. 2015 സെപ്തംബർ 16ലെ കോടതി വിധി നടപ്പിലാക്കാത്തതിൽ ശിശു വികസന മന്ത്രാലയത്തിനെതിരെ ഗിരിജ രാഘവൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർണ്ണായക നിരീക്ഷണം.
കുട്ടികൾക്കെതിരേയുള്ള അതിക്രമം വർദ്ധിക്കുകയാണ്. അതിനാൽ വനിതാ, ശിശുവികസന മന്ത്രാലയം വേർപെടുത്താൻ സമയമായി. ഇതിനായി വനിതാ, ശിശു വികസന മന്ത്രാലയത്തെ വനിതാ വികസനം, ശിശു വികസനം എന്നിങ്ങനെ രണ്ടായി വിഭജിക്കുന്നതിനെക്കുറിച്ച് അസിസ്റ്റന്റ് സോളിസിറ്റർ ജനറലിനോട് അദ്ദേഹം നിര്‍ദ്ദേശം ആരാഞ്ഞു.
കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കുറ്റവാളികളെ ലിംഗ ഛേദനത്തിന് വിധേയരാക്കണമെന്ന് 2015ൽ മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കൂടാതെ ഇത്തരം കുറ്റവാളികൾക്കെതിരെ പോക്സോ നിയമ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ശിക്ഷ നടപ്പിലാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.