
തൃശ്ശൂര്‍: വെല്ലുവിളികള്‍ നേരിടുന്ന നാളുകളിലൂടെയാണ് സിപിഎം കടന്നുപോകുന്നതെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് യെച്ചൂരി പറഞ്ഞു.
രാജ്യത്തിന്റെ അടിസ്ഥാനസ്വഭാവത്തെ ബിജെപി കടന്നാക്രമിക്കുന്നു. ബിജെപിക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തേണ്ട സമയമായി. ഇക്കാര്യത്തില്‍ സി.പി.എമ്മിന് ചരിത്രപരമായ ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞ യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ആരോപണങ്ങളെക്കുറിച്ച് മൗനം പാലിക്കുന്ന പ്രധാനമന്ത്രി മൗനേന്ദ്ര മോദിയായി മാറിയിരിക്കുന്നു. വിദേശ യാത്രകളില്‍ മോദിയെ അനുഗമിക്കുന്ന വ്യവസായികള്‍ ആരൊക്കെയെന്ന് പറയണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.