
ദില്ലി: തന്നെ കോണ്‍ഗ്രസ് അനുകൂലിയെന്ന് വിളിക്കുന്നവരെ താന്‍ ബിജെപി അനുകൂലിയെന്ന് വിളിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. പിബിയും സിസിയും ആവശ്യപ്പെട്ടിട്ടാണ് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് തുടരുന്നതെന്നും യെച്ചൂരി പറഞ്ഞു. രാജിസന്നദ്ധത അറിയിച്ചില്ലെന്ന പിബി അംഗം പ്രകാശ് കാരാട്ടിന്‍റെ പ്രസ്താവന യച്ചൂരി തള്ളി. ഒരു ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് യച്ചൂരി തുറന്നടിച്ചത്.
പാർട്ടി കോൺഗ്രസ് തീരുമാനിക്കുന്നതുവരെ പാർട്ടിയിൽ ഒന്നും അന്തിമമല്ലെന്നും യച്ചൂരി പറഞ്ഞു. മാറുന്ന സാഹചര്യങ്ങൾ അംഗീകരിക്കുന്നവരാണ് ശരിയായ മാർക്സിസ്റ്റ്. താൻ മുന്നോട്ടുവയ്ക്കുന്ന തീരുമാനം പാർട്ടിയിലെ ഭൂരിപക്ഷം പേരും അംഗീകരിച്ചില്ലെങ്കിൽ രാജിസന്നദ്ധത അറിയിക്കുന്നത് സ്വാഭാവികം മാത്രമാണ്. പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടതു കൊണ്ടാണ് ജനറൽ സെക്രട്ടറി പദത്തിൽ തുടരുന്നത്.
പാർട്ടി കോൺഗ്രസ്, ത്രിപുര തിരഞ്ഞെടുപ്പുകളെ ബാധിക്കുന്ന തരത്തിൽ പാർട്ടി വിഭജിച്ചതായുള്ള ചിത്രം ജനത്തിനു നൽകരുതെന്ന് പിബി ആവശ്യപ്പെട്ടിരുന്നതായും യച്ചൂരി വ്യക്തമാക്കി. കോൺഗ്രസ് അനുകൂലിയോ ബിജെപി അനുകൂലിയോ അല്ല. ഇന്ത്യയെയും ജനത്തെയും അനുകൂലിക്കുന്നയാളാണ്. വരുന്ന തിരഞ്ഞെടുപ്പുകളിൽ നിലവിലെ സർക്കാരിനെ തൽസ്ഥാനത്തുനിന്ന് മാറ്റുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യേണ്ടതാണ്. പാർട്ടി പ്രഥമപരിഗണന നൽകേണ്ടതും അതിനാണ്.
ഭരണകക്ഷിയെ പുറത്താക്കുകയാണു ലക്ഷ്യമിടേണ്ടത്. അതെങ്ങനെ സാധിക്കുന്നുവെന്നത് പരിഗണിക്കേണ്ട കാര്യമില്ലെന്നും യച്ചൂരി പറഞ്ഞു. ജനറൽ സെക്രട്ടറി സ്ഥാനം രാജി വയ്ക്കാൻ സന്നദ്ധനാണെന്ന് പിബിയിൽ യച്ചൂരി പറഞ്ഞിട്ടില്ലെന്നാണ് കാരാട്ട് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ കാരാട്ട് പറയുന്നത് തെറ്റാണെന്നും പത്രസമ്മേളനത്തിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും യച്ചൂരി പറയുന്നു.