
മുംബൈ: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം കോണ്‍ഗ്രസ് ആഘോഷമാക്കുമ്പോള്‍ അത് ഏറ്റെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് ശിവസേനയും. പ്രിയങ്ക ഗാന്ധിയെ അധികാരത്തിന്റെ റാണി എന്നാണ് ശിവസേന മുഖപത്രമായ സാമ്ന വിശേഷിപ്പിച്ചത്. പ്രിയങ്കയുടെ വരവ് കോൺഗ്രസിന് ഊർജ്ജം നൽകുമെന്നും സാമ്ന കൂട്ടിച്ചേര്‍ത്തു.
പ്രിയങ്കയുടെ വരവിനെ കുടുംബ രാഷ്ട്രീയം എന്നാണ് മോദി വിമർശിച്ചത്. എന്നാൽ രാജ്യത്തെ ജനങ്ങൾ ഇത്തരത്തിൽ പല കുടുംബങ്ങളുടെ പാരമ്പര്യം അംഗീകരിച്ചതാണ്. ജനങ്ങൾക്ക് ഇല്ലാത്ത വേദനയാണ് ചിലരുടെ അടിവയറ്റിൽ എന്നും ശിവസേന പരിഹസിച്ചു. പ്രിയങ്കയുടെ യോഗങ്ങളിൽ ജനങ്ങൾ ഒഴുകി എത്തും എന്നും ഇന്ദിരാഗാന്ധിയേ പോലെ അവർ മാറുമെന്നും സാമ്ന ലേഖനത്തില്‍ വ്യക്തമാക്കുന്നു.
കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം. നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയിൽ നേടിയ വിജയത്തോടെ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം പ്രതീക്ഷിച്ചിരുന്നതായി കഴിഞ്ഞ ദിവസം ശിവസേന നേതാവ് സഞ്ജയ് റൗട്ട് പറഞ്ഞിരുന്നു.
'മുന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ വിജയം സ്വന്തമാക്കിയതോടെ കോൺഗ്രസിന് അച്ഛേ ദിൻ വന്നിരുന്നു. അന്നേ ഞാൻ പ്രതീക്ഷിച്ചിരുന്നു പ്രിയങ്ക യുപി രാഷ്ട്രീയത്തിൽ എത്തുമെന്ന്. രാഹുൽ ഗാന്ധി എടുത്ത നല്ലൊരു തീരുമാനമാണിത്. ഇന്ത്യയിലെ ജനങ്ങൾക്ക് എന്നും ഗാന്ധി കുടുംബവുമായി ബന്ധമുണ്ട്. ഇന്ദിരാ ഗാന്ധിയുടെ പാരമ്പര്യം എപ്പോഴും ഈ രാജ്യത്ത് നിലനിൽക്കും. കോൺഗ്രസിന് ഇതിൽനിന്ന് തീർച്ചയായും പ്രയോജനം ഉണ്ടാകും' -സഞ്ജയ് റൗട്ട് പറഞ്ഞു.
നേരത്തെ മികച്ച വ്യക്തിത്വവും വോട്ടർമാരെ സ്വാധീനിക്കാനുള്ള കഴിവും പ്രിയങ്കയ്ക്കുണ്ടെന്നായിരുന്നു ശിവസേന വക്താവ് മനീഷ കയാന്ദെയുടെ അഭിനന്ദനം. ഇന്ദിരാ ഗാന്ധിയുടെ സ്വഭാവ സവിശേഷതകൾ പ്രിയങ്കയ്ക്കുണ്ട്. ജനങ്ങൾ വോട്ടുചെയ്യാൻ പോകുമ്പോൾ പ്രിയങ്കയിൽ ഇന്ദിരാ ഗാന്ധിയെത്തന്നെ കാണും. അവർ സജീവ രാഷ്ട്രീയ രംഗത്തെത്തിയതിൽ കോൺഗ്രസിന് സന്തോഷിക്കാൻ വകയുണ്ടെന്നും മനീഷ കയാന്ദെ പറഞ്ഞിരുന്നു.
2014ലെ മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടാണ് ബിജെപിയും ശിവസേനയും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉടലെടുത്തത്. ശേഷം ഇരു പാർട്ടികളും തെരഞ്ഞെടുപ്പിനെ തനിച്ച് നേരിട്ടു. എന്നാൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള കേവലഭൂരിപക്ഷം ഇരുപാർട്ടികൾക്കും ലഭിച്ചിരുന്നില്ല. ഇതോടെ ഇരുപാർട്ടികളും ചേർന്ന് സഖ്യം രൂപീകരിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam