
അമേഠി: ഉത്തർപ്രദേശിൽ പാർട്ടി ഉണ്ടാക്കാനുള്ള ഉത്തരവാദിത്വം കൂടി പ്രിയങ്കാ ഗാന്ധിയെ ഏൽപിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അമേഠിയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. കിഴക്കൻ ഉത്തർപ്രദേശിൽ എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചതിന് പുറമെയാണ് രാഹുലിന്റെ ഈ പ്രഖ്യാപനം. ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും കോൺഗ്രസ് മത്സരിക്കുമെന്നും രാഹുൽഗാന്ധി കൂട്ടിച്ചേർത്തു.
''പ്രിയങ്കയെയും ജ്യോതിരാദിത്യ സിന്ധ്യയെയും ഒരു ഉത്തരവാദിത്വം ഏൽപ്പിച്ചിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയെ തോല്പിച്ച് ഉത്തർപ്രദേശിൽ കോൺഗ്രസ് സർക്കാരിന് രൂപം നൽകണമെന്നാണത്.'' രാഹുൽ ഗാന്ധി പറഞ്ഞു. പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ജനറൽ സെക്രട്ടറി പദവി ഏൽപ്പിച്ചിരിക്കുന്നത് ജ്യോതിരാദിത്യ സിന്ധ്യയെയാണ്.
''ഗുജറാത്ത് ആയാലും ഉത്തർപ്രദേശ് ആയാലും സർവ്വസന്നാഹത്തോടെയും ശക്തിയോടെയും കോൺഗ്രസ് മുന്നിൽ നിന്ന് മത്സരിക്കും. തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് അധികാരത്തിൽ വരുന്നത് നിങ്ങൾ കാണും.'' കോൺഗ്രസ് അധ്യക്ഷൻ കൂട്ടിച്ചേർത്തു. റഫാൽ വിമാനക്കരാറിൽ കേന്ദ്രസർക്കാരിനെ രാഹുൽ ശക്തമായി വിമർശിക്കുകയും ചെയ്തു. തൊഴിൽ നൽകുമെന്ന വാഗ്ദാനം ബിജെപി പാലിച്ചില്ല. മറിച്ച് മണ്ഡലത്തിലെ വികസനം ബിജെപി മന്ദഗതിയിലാക്കുകയും ചെയ്തെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam