എല്ലാ കണ്ണുകളും നിയമസഭയിലേക്ക്

By Web DeskFirst Published Nov 9, 2017, 8:25 AM IST
Highlights

തിരുവനന്തപുരം: ഒരു ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ സസ്ഥാനത്തിന്‍റെ ചരിത്രത്തിലാദ്യമായിട്ടാണ് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത്. അതു കൊണ്ടു തന്നെ ഇന്ന് രാവിലെ മുതല്‍ എല്ലാ കണ്ണുകളും നിയമസഭയിലേക്കാവും. പ്രത്യേക നിയമസഭ സമ്മേളനം രാവിലെ 9 മണിക്ക് തുടങ്ങും . സോളാർ വിഷയത്തിൽ സഭയിൽ ഇന്ന് ചർച്ചയുണ്ടാകില്ല . റിപ്പോർട്ടിന്റെ പകർപ്പ് നിയമസഭാംഗങ്ങൾക്ക് നൽകും . റിപ്പോർട്ടിലെ തുടർ നടപടി മുഖ്യമന്ത്രി വിശദീകരിക്കും .

ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെയാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. എന്നാല്‍ ലൈംഗികാരോപണങ്ങളില്‍ കേസെടുക്കില്ലെന്നാണ് പുതിയ വാര്‍ത്തകള്‍.

അന്വേഷണത്തെ സംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അരജിത് പാസായത്തിന്‍റ നിയമോപദേശം തേടിയിരുന്നു. എന്നാല്‍ സരിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം പ്രതിചേര്‍ത്ത് കേസെടുത്താൽ നിലനില്‍ക്കില്ലെന്നായിരുന്നു നിയമോപദേശം . ഈ നിയമപോദേശത്തോടെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളിലൊന്ന് പാഴ്‍വാക്കായി മാറി.

ഈ സാഹചര്യത്തിൽ പരാതിയിൻമേൽ പ്രാഥമികാന്വേഷണം നടത്താം. പരാതിയിൽ വസ്തുതയുണ്ടെന്ന് വെളിപ്പെട്ടാൽ പ്രതി ചേര്‍ത്ത് കേസെടുക്കാം. വകുപ്പുകള്‍ ചുമത്തി തുടര്‍ നടപടികള്‍ എടുക്കാം. അതേ സമയം അഴിമതിക്കേസുകള്‍ തുടരാമെന്നാണ് നിയമോപദേശം. ഇതനുസരിച്ച് സോളാര്‍ കേസിൽ തുടരന്വേഷണത്തിന് ഉത്തരവിറങ്ങി . ഉത്തരമേഖല ഡിജിപി രാജേഷ് ദിവാനാണ് അന്വേഷണച്ചുമതല . പൊതു അന്വേഷണം മാത്രം മതിയെന്ന് മന്ത്രിസഭ തീരുമാനിച്ചിരുന്നു .

മന്ത്രിസഭയുടെ തീരുമാന പ്രകാരം ആരോപണം സംബന്ധിച്ച് പൊതുഅന്വേഷണം നടത്തണമെന്നാണ് രാവിലെ പുറത്തിറങ്ങിയ ഉത്തരവിൽ പറയുന്നത്. ക്രിമിനലും വിജിലൻസും ആയ കേസുകൾ പ്രത്യേക സംഘത്തെ വെച്ച് പരിശോധിക്കാനാണ് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ ഉത്തരവിൽ പറയുന്നുണ്ടെങ്കിലും പ്രത്യേക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടി ആരോപണവിധേയരായ ആരുടെയും പേരുകൾ പറയുന്നില്ലെന്നതും ശ്രദ്ധേയം.

അതേ സമയം ഉമ്മന്‍ ചാണ്ടിയും യുഡിഎഫും കരുതലോടെയാണ് നീങ്ങുന്നത്. യുഡിഎഫ് നടത്തുന്ന പടയൊരുക്കം യാത്രയില്‍ കഴിഞ്ഞദിവസം നേതാക്കള്‍ പ്രത്യേകം ശ്രദ്ധിച്ചത് റിപ്പോര്‍ട്ടിനെ പ്രതിരോധിക്കാനായിരുന്നു.  യുഡിഎഫിന്റെ ആത്മവിശ്വാസം തകർക്കാനാകില്ലെന്ന് ചെന്നിത്തലയും റിപ്പോർട്ട് സഭയിൽ വച്ചശേഷം പ്രതികരിക്കാമെന്ന് ഉമ്മൻചാണ്ടിയും ഇന്നു രാവിലെ മാധ്യമങ്ങളോടു പറഞ്ഞു.  

മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ നിലപാടുകളില്‍ നിന്നും പിന്നോട്ട് പോകുന്നതിനൊപ്പം മന്ത്രി തോമസ് ചാണ്ടിയും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഇന്ന് തലവേദനയായി മാറും. കാരണം  തോമസ് ചാണ്ടി വിഷയത്തിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകാനാണ് പ്രതിപക്ഷ തീരുമാനം. തോമസ് ചാണ്ടി മന്ത്രിസ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വി ഡി സതീശൻ എംഎൽഎ നോട്ടീസ്‍ നല്‍കുമ്പോള്‍ സര്‍ക്കാരിന്‍റെ മേല്‍ക്കൈ നഷ്ടമാകുമെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രതീക്ഷ.

click me!