
ദില്ലി: സർക്കാർ ആശുപത്രിയിൽ നിന്ന് 40 ലക്ഷം രൂപയുടെ സോളാർ പാനലുകൾ മോഷണം പോയി. ആശുപത്രിയിലെ ശുശ്രുത ട്രോമ സെൻ്റർ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച 12 സോളാർ പാനലുകളാണ് മോഷണം പോയത്. സർക്കാറിന്റെ കീഴിലുള്ള ലോക് നായക് ആശുപത്രിയുടെ ഭാഗമായാണ് ശുശ്രുത ട്രോമ സെൻ്റർ പ്രവർത്തിക്കുന്നത്.
സെപ്തംബർ 25ന് ട്രോമ സെൻ്ററിൽ എത്തിയ നഗരസഭാ ഉദ്യോഗസ്ഥരാണ് പാനലുകൾ മോഷണം പോയതായി കണ്ടെത്തിയത്. തുടർന്ന് മോഷണ വിവരം ഉദ്യോഗസ്ഥർ ആശുപത്രി അധികൃതരെ അറിയിച്ചു. ട്രോമ സെൻ്ററിൽ കൊതുക് മുട്ടയിട്ട് പെരുകുന്നത് സംബന്ധിച്ച് പരിശോധന നടത്തുന്നതിനാണ് ഉദ്യോഗസ്ഥർ എത്തിയത്. സോളാർ പാനലുകളിൽ നിന്നും പൊട്ടിയ ഗ്ലാസുകൾ കണ്ടെത്തിയിട്ടുണ്ട്.
ട്രോമ സെൻ്ററിൽ വിന്യസിച്ച സുരക്ഷാ ഏജൻസിക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ലോക് നായക് ആശുപത്രി പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റ് (പിഡബ്ല്യൂഡി) മെഡിക്കൽ സൂപ്രണ്ടന്റിന് കത്തയച്ചു. ഇതുകൂടാതെ ഭാവിയിൽ സമാനമായ കവർച്ച ഒഴിവാക്കാൻ സ്ഥലത്ത് സുരക്ഷ ഏർപ്പെടുത്താൻ ആശുപത്രി അധികൃതർക്കും പിഡബ്ല്യൂഡി നിർദ്ദേശം നൽകിയിട്ടുണ്ട്.
സംഭവത്തിൽ ദില്ലി സിവിൽ ലൈൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആഗസ്റ്റ് 15നാണ് മോഷണം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് കണ്ടെത്തി. കേസിൽ ഉൾപ്പെട്ട പ്രതികളെ പിടികൂടിയതായും അവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അഡീഷണൽ മെഡിക്കൽ സൂപ്രണ്ടന്റ് ഡോക്ടർ അദയ് ബൽ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam