ബുലന്ദ്ഷെഹര്‍ കൊലപാതകം: സൈനികന്‍ അറസ്റ്റില്‍

By Web TeamFirst Published Dec 9, 2018, 7:55 AM IST
Highlights

ബുലന്ദ്ഷഹറില്‍ ഗോവധം ആരോപിച്ച് നടന്ന കലാപത്തില്‍ പോലിസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈനികന്‍ അറസ്റ്റില്‍. ജീത്തു ഫൗജി എന്നു വിളിക്കുന്ന ജിതേന്ദ്ര മാലിക്കിനെയാണ് ഇന്നലെ അര്‍ധരാത്രിയോടെ ഉത്തര്‍ പ്രദേശ് പൊലിസ് അറസ്റ്റ് ചെയ്തത്.

ലഖ്നൗ:  ബുലന്ദ്ഷഹറില്‍ ഗോവധം ആരോപിച്ച് നടന്ന കലാപത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈനികന്‍ അറസ്റ്റില്‍. ജീത്തു ഫൗജി എന്നു വിളിക്കുന്ന ജിതേന്ദ്ര മാലിക്കിനെയാണ് ഇന്നലെ അര്‍ധരാത്രിയോടെ ഉത്തര്‍ പ്രദേശ് പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 36 മണിക്കൂറായി ഇയാള്‍ പൊലിസ് നിരീക്ഷണത്തിലായിരുന്നെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ബുലന്ദ്ഷഹര്‍ സംഘര്‍ഷത്തിന്റെ വീഡിയോകളില്‍ സുബോധ്കുമാറിന് സമീപം ജിതേന്ദ്ര ഫൗജി നില്‍ക്കുന്നത് വ്യക്തമാണ് എന്ന് പൊലീസ് പറയുന്നുണ്ട്. കൊലപാതകം നടന്ന അന്ന് വൈകുന്നേരം തന്നെ ഇയാള്‍ താന്‍ ജോലി ചെയ്യുന്ന ശ്രീനഗറിലേയ്ക്ക് തിരിച്ചുപോയിരുന്നു. കഴിഞ്ഞ ഡിസംബര്‍ 3നാണ് ഗ്രാമത്തിൽ പശുക്കളുടെ ജഡങ്ങൾ കണ്ടെത്തിയതിനെ തുടർന്ന്​​ പ്രതിഷേധക്കാർ പൊലീസ്​ സ്​റ്റേഷൻ ആക്രമിക്കുകയായിരുന്നു. കലാപത്തിനിടെ പൊലീസ്​ ഇൻസ്​പെക്​ടറെ അക്രമികൾ പിന്തുടർന്ന്​ വെടിവെച്ചു കൊല്ലുകയായിരുന്നു.

സുബോധ് സിംഗിന്‍റെ ഇടത്തേ കണ്ണിന് അടുത്താണ് വെടിയേറ്റത്. വെടിയുണ്ട തലച്ചോറില്‍ തറച്ച നിലയിലായിരുന്നു ആക്രമണ ശേഷം. അദ്ദേഹത്തിന്‍റെ മൊബൈല്‍ ഫോണും പേഴ്സണല്‍ റിവോള്‍വറും കാണാതായിരുന്നു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഗുരുതരമായ പരിക്കുകളോടെ അത്യസന്ന നിലയിലാണ്.

ഒരു ടാറ്റാ സുമോ കാറില്‍ സുബോധ് സിംഗിന്‍റെ മൃതദേഹം കിടക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ അന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അക്രമികളിലാരോ പകര്‍ത്തിയതെന്ന് കരുതുന്ന വീഡിയോയുടെ പശ്ചാത്തലത്തില്‍ വെടിയൊച്ചകളും കേള്‍ക്കാമായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച 2015-ലെ അഖ്ലാക് വധം അന്വേഷിച്ച ഉ​ദ്യോ​ഗസ്ഥനായിരുന്നു സുബോധ് കുമാര്‍ സിങ്.  

click me!