
ഇന്ത്യൻ നിരത്തുകൾ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത് ഒരു വലിയ മാറ്റത്തിനാണ്. യാത്രകൾക്കായി ഇന്ത്യൻ സ്ത്രീകൾ ഇപ്പോൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ബസുകളെയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റെഡ്ബസ് പുറത്തുവിട്ട ഏറ്റവും പുതിയ 'പിങ്ക് റിപ്പോർട്ട്' പ്രകാരം 2019-ന് ശേഷം സ്ത്രീകളുടെ ബസ് യാത്രകളിൽ 136 ശതമാനത്തിന്റെ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ ഏറ്റവും രസകരമായ കാര്യം, തനിച്ച് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരിൽ 68 ശതമാനവും ജെൻ സി പെൺകുട്ടികളാണ് എന്നതാണ്.
ഇന്റർനാഷണൽ വുമൺസ് ഡേയോടനുബന്ധിച്ച് പുറത്തിറക്കിയ ഈ റിപ്പോർട്ട് പ്രകാരം, രാജ്യത്തെ മൊത്തത്തിലുള്ള യാത്രക്കാരുടെ എണ്ണത്തിലെ വർദ്ധന 72 ശതമാനമാണെങ്കിൽ സ്ത്രീകളുടെ യാത്ര നിരക്ക് അതിന്റെ ഇരട്ടിയോളമാണ് വർധിച്ചിരിക്കുന്നത്. ഇന്ന് അന്തർസംസ്ഥാന യാത്രകൾ നടത്തുന്നവരിൽ മൂന്നിലൊന്ന് അതായത് 33 ശതമാനവും സ്ത്രീകളാണ്. 2019-ൽ ഇത് വെറും 23 ശതമാനം മാത്രമായിരുന്നു.
ദക്ഷിണേന്ത്യയിലാണ് സ്ത്രീ യാത്രക്കാർ കൂടുതലെങ്കിലും ഇപ്പോൾ ഉത്തരേന്ത്യയിലും കിഴക്കൻ-പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും ഈ ട്രെൻഡ് ശക്തമായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇതൊരു താല്കാലിക മാറ്റമല്ല, മറിച്ച് രാജ്യത്തെ ഗതാഗത സംവിധാനത്തിലെ വലിയൊരു ഘടനപരമായ മാറ്റമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പുതിയ തലമുറയിലെ പെൺകുട്ടികളാണ് ഈ മാറ്റത്തിന് ചുക്കാൻ പിടിക്കുന്നത്. 14 മുതൽ 29 വയസുവരെയുള്ള യാത്രക്കാരുടെ 60 ശതമാനവും. തനിച്ച് യാത്ര ചെയ്യാൻ ആത്മവിശ്വാസം കാണിക്കുന്ന സോളോ ട്രാവലേഴ്സിൽ 68 ശതമാനവും ഈ പ്രായപരിധിയിലുള്ളവരാണ്. ജോലിക്കായോ പഠനത്തിനായോ അല്ലെങ്കിൽ വെറുതെ ഒരു വിനോദയാത്രയ്ക്കായോ ബസുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. 500 കിലോമീറ്ററിൽ കൂടുതൽ ദൂരമുള്ള ലോങ്ങ് ഡിസ്റ്റൻസ് യാത്രകൾക്കും സ്ത്രീകൾ ഇപ്പോൾ ധൈര്യപൂർവ്വം ബസുകൾ ബുക്ക് ചെയ്യുന്നുണ്ട്.
മെട്രോ സിറ്റികളെക്കാൾ ഉപരിയായി ചെറു നഗരങ്ങളിൽ നിന്നുള്ള സ്ത്രീകളാണ് ഈ വളർച്ചയുടെ പ്രധാന ചാലകശക്തി. ഏകദേശം 68 ശതമാനം യാത്രകളും ഇത്തരം ചെറുനഗരങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. കേരളം, അസം, ആന്ധ്രാപ്രദേശ്, പഞ്ചാബ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളാണ് സ്ത്രീ യാത്രക്കാരുടെ കാര്യത്തിൽ മുൻപന്തിയിലുള്ളത്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ തങ്ങളുടെ യാത്രകൾ വളരെ നേരത്തെ പ്ലാൻ ചെയ്യാറുണ്ട്. റിപ്പോർട്ടിലെ ചില പ്രധാന ബുക്കിംഗ് പാറ്റേണുകളാനുസരിച്ച് 62% സ്ത്രീകളും യാത്രയ്ക്ക് ഒരു ദിവസം മുൻപെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യുന്നു. അതിൽ മറ്റ് സ്ത്രീ യാത്രക്കാർ നൽകിയ ഹൈ റേറ്റിംഗ് നോക്കിയാണ് 47% പേരും ബസ് തിരഞ്ഞെടുക്കുന്നത്.
യാത്രയ്ക്കിടയിലെ കംഫർട്ടിനെ ബാധിക്കുന്ന കാര്യങ്ങളിലും സ്ത്രീകൾക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ബസ് ജീവനക്കാരുടെ പെരുമാറ്റം, ലൈവ് ട്രാക്കിംഗ്, റെസ്റ്റ് സ്റ്റോപ്പുകളിലെ ശുചിത്വം, ബോർഡിംഗ് പോയിന്റിലെ സുരക്ഷ എന്നിവയ്ക്കാണ് ഇവർ മുൻഗണന നൽകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam